തളികയില്‍ അടിച്ചതുകൊണ്ട് കാര്യമില്ല; വേണ്ടത് അടിയന്തര സാമ്പത്തിക പാക്കേജ് - രാഹുല്‍ഗാന്ധി

  • 21/03/2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി വലിയ സാമ്പത്തിക പാക്കേജിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജനതാ കര്‍ഫ്യൂ ദിനത്തില്‍ തളികയില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു. കൈയടിക്കുന്നതും മണിയടിക്കുന്നതും ദിവസ വേതനക്കാരായ തൊഴിലാളികളെയും ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറസ് വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാന സൂചകമായി ജനതാ കര്‍ഫ്യൂ നടത്തുന്ന ഞായറാഴ്ച തളികയില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.

'നമ്മുടെ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരെ വലിയ ആക്രമണമാണ് കൊറോണ വൈറസ് നടത്തിയിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കൈയടിക്കുന്നത് അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശത്തിനു പുറമേ ധനസഹായവും നികുതിയിളവും ആണ് ആവശ്യം. അതിനുവേണ്ട അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം' - രാഹുല്‍ ഗാന്ധി പറഞ്ഞു

Related News