ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ റമദാന്‍ മാസത്തിലും സാമൂഹിക അകലവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് രാജ്യത്തെ മുസ്‌ലീങ്ങളോട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ് വി അഭ്യര്‍ത്ഥിച്ചു. ഈ മാസം 24നു റമദാന്‍ വ്രതകാലം തുടങ്ങാനിടയുള്ള പശ്ചാത്തലത്തിലാണ് ഇത്. നോമ്പുമായി ബന്ധപ്പെട്ട നമസ്‌കാരങ്ങളും മറ്റു പ്രാര്‍ത്ഥനകളും വീടിനുള്ളില്‍ മാത്രമായി ഒതുക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റമദാന്‍ കാലത്ത് സാമൂഹിക അകലം പാലിക്കുകയും ലോക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താന്‍ വിവിധ സമുദായ നേതാക്കളോടും വിവിധ മത, സാമൂഹിക സംഘടനാ പ്രതിനിധികളോടും സംസ്ഥാന വഖഫ് ബോര്‍ജ് ഭാരവാഹികളോടും അഭ്യര്‍ത്ഥിച്ചതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര വഖഫ് കൗണ്‍സില്‍ ചെയര്മാന് കൂടിയാണ് ശ്രീ. നഖ്‌വി. റമദാനിലും മുഴുവന്‍ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും വീടിനുള്ളില്‍ മാത്രം നിര്‍വഹിക്കുന്നുവെന്ന് അവര്‍ ഉറപ്പു വരുത്തണം.റമദാനില്‍ ആളുകള്‍ കൂട്ടം ചേര്‍ന്നു മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്ന് ഫലപ്രദമായി ഉറപ്പുവരുത്താന്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ മുഖേന സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏപ്രില്‍ 8നും 9നും ശാബ്- ഇ- ബറാഅത്ത് ആചരണം വീടുകളില്‍ത്തന്നെ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ മുസ്‌ലീങ്ങളുടെ മത, സാമൂഹിക സംഘടനകള്‍ ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചെന്നു ശ്രീ. നഖ്‌വി പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച ആ നടപടി അത്യന്തം അഭിനന്ദനാര്‍ഹമായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലെയും മുസ്‌ലിം പള്ളികളിലെയും ഗുരുദ്വാരകളിലെയും ക്രിസ്ത്യന്‍ പള്ളികളിലെയും മറ്റ് ആരാധനാലയങ്ങളിലെയും മുഴുവന്‍ ചടങ്ങുകളും റദ്ദാക്കിയിരിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക് ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായാണ് നിര്‍വഹിക്കുന്നത്.റമാദാനില്‍ പള്ളികളിലെ സംഘടിത നമസ്‌കാരത്തിനും സമൂഹ നോമ്പുതുറക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്കും വന്‍തോതില്‍ ആളുകള്‍ കൂട്ടം ചേരുന്ന പാരമ്പര്യമാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളുടേത് എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കോവിഡ് മൂലം കേന്ദ്രവും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും നടപ്പാക്കിയ ലോക് ഡൗണ്‍, സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ ഇത്തവണ ഈ കൂട്ടം ചേരലിനു അനുവദിക്കുന്നില്ല. വിശുദ്ധ മാസത്തില്‍ ഈ പരിമിതി തിരിച്ചറിഞ്ഞു മുസ്‌ലിം സമുദായം പ്രവര്‍ത്തിക്കുമെന്ന് ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രത്യാശ പ്രകടിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?