ലോക്ക്ഡൗണ്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ സമഗ്ര മാര്‍ഗരേഖ

  • 15/04/2020

ന്യൂഡല്‍ഹി : കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുമെന്ന് ചൊവ്വാഴ്ച(ഏപ്രില്‍ 14 ന് )രാജ്യത്തെ അഭിമുഖീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 20 മുതല്‍ ചില പ്രത്യേക മേഖലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്താനാനുമതി നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇതനുസരിച്ച് രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി ചൊവ്വാഴ്ച തന്നെ(ഏപ്രില്‍ 14) കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കോവിഡ് രോഗഭീഷണിയില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ദിഷ്ട മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയുള്ള മറ്റൊരു ഉത്തരവ് കൂടി ഇന്ന്(ഏപ്രില്‍ 15 ) പുറത്തിറങ്ങി.
നിലവില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ മാര്‍ഗരേഖയും ഇന്ന്(ഏപ്രില്‍ 15 ) പുറത്തിറക്കി. രാജ്യമൊട്ടാകെ നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, കോവിഡ് മേഖലകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍, ഏപ്രില്‍ 20 ന് ശേഷം രാജ്യത്ത് നല്‍കുന്ന ഇളവുകള്‍ എന്നിവയെ കുറിച്ചാണ് ഇതില്‍ വിശദീകരിക്കുന്നത്.
ആദ്യഘട്ട ലോക്ക് ഡൗണിലൂടെ രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കാനായി. അതേസമയം രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ദിവസക്കൂലിക്കാര്‍ക്കും ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.
പുതുക്കിയ മാര്‍ഗരേഖ പ്രകാരം രാജ്യത്ത് റെയില്‍, റോഡ്, വ്യോമഗതാഗതം എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്നു വിലക്ക് തുടരും. വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടല്‍മേഖല, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കോപ്ലക്സുകള്‍ മാളുകള്‍, എന്നിവക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തനവിലക്കും തുടരും. സാമൂഹ്യ-രാഷ്ടീയ-സാംസ്‌കാരിക യോഗങ്ങള്‍, മതപരമായ ഒത്തുകൂടലുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍, പൊതുസ്ഥലത്തെ ഒത്തുചേരല്‍, എന്നിവക്കുള്ള നിരോധനവും തുടരും.
രാജ്യമൊട്ടാകെ, പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും വീടുകളില്‍ തയാറിക്കിയതടക്കമുള്ള മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അണുനാശിനി ഉപയോഗിക്കുന്നതും, അവശ്യജീവനക്കാരെ മാത്രം നിയോഗിച്ചും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, തെര്‍മല്‍ സ്്ക്രീനിഗും കര്‍ക്കശമാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഇടാക്കും.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് ഭീഷണിക്ക് സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മേഖലകളില്‍ മാര്‍ഗനിര്‍ദേശപ്രകാരം ഇളവ് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 20 ന് ശേഷവും അനുവദിക്കില്ല. ഈ മേഖലകളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകുന്നതിന് ജനങ്ങളെ കര്‍ശന പരിശോധനക്ക് വിധേയമാക്കും. വൈദ്യസഹായം, നിയമ-ക്രമസമാധാനപാലനം, സര്‍ക്കാറിന്റെ അനിവാര്യജോലികള്‍ തുടങ്ങിയവക്ക് അവശ്യസര്‍വീസെന്ന നിലയില്‍ ഇളവ് അനുവദിക്കും.
കൊറോണ വൈറസിന്റെ അതിവ്യാപനമുള്ള ജില്ലകളില്‍ കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കും. ഈ മേഖലകളില്‍ അവശ്യസര്‍വീസ് ഒഴികെയുള്ള എല്ലാത്തിനും നിരോധനമുണ്ട്. ജനങ്ങള്‍ക്കും സഞ്ചാരാനുമതി ഉണ്ടാകില്ല.

രാജ്യത്തെ കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളുടെ സമ്പൂര്‍ണപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ മാസം 20 മുതല്‍ ഇളവ് നല്‍കുന്നത്. ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗം പരമാവധി ശേഷിയില്‍ പുനരുജ്ജീവിപ്പിച്ച് ദിവസക്കൂലിക്കാര്‍ക്ക് തൊഴില്‍ നല്‍കും. നിര്‍ദിഷ്ട വ്യവസായങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയ്ക്കും കര്‍ശന ശുചിത്വ-പ്രതിരോധ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കും.
അതേസമയം കോവിഡ് 19 വ്യാപനം തടയുന്നിന് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ ജില്ലാ മജിസ്ട്രേട്ടുകള്‍ മുഖാന്തരം നടപ്പാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ദുരന്തനിവാരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
അവശ്യ, അവശ്യമല്ലാത്തത് എന്നിങ്ങനെയുള്ള വേര്‍തിരിവില്ലാതെ എല്ലാത്തരം സാധനങ്ങളുടെയും കടത്ത് അനുവദിക്കും. കാര്‍ഷികമേഖലയില്‍, ഉല്‍പാദനം സംഭരണം, വിപണനം വളം-കീശനാശിനി-വിത്ത് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഉള്‍നാടന്‍ ജലാശയങ്ങളിലും കടലിലും മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികള്‍ക്കും അനുവാദം നല്‍കും. മൃഗസംരക്ഷണമേഖലയില്‍ ക്ഷീരോല്‍പാദനം, പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിതരണം, ഇറച്ചിക്കോഴി വ്യവസായം, തേയില, കാപ്പി റബര്‍ തോട്ടങ്ങള്‍ എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കാനും തീരുമാനിച്ചു.
ഗ്രാമീണ സാമ്പത്തിക വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്നതിനായി മേഖലയിലെ വ്യവസായങ്ങള്‍, ഭക്ഷ്യോല്‍പാദന-സംസ്്കരണം, റോഡ് നിര്‍മാണം, ജലസേചന പദ്ധതികള്‍, കെട്ടിടനിര്‍മാണം, വ്യവസായ പദ്ധതികള്‍, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി(ജലസേചന-ജലസംരക്ഷണപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം) ഗ്രാമീണമേഖലയിലെ പൊതുസേവനങ്ങള്‍, അന്യസംസ്ഥാന തൊഴിലാകളെ ജോലിക്ക് നിയോഗിക്കല്‍ എന്നിവക്കും അനുമതി നല്‍കും.
പ്രത്യേക സാമ്പത്തിക മേഖല, കയറ്റുമതി വ്യവസായങ്ങള്‍, വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായനഗരങ്ങള്‍ എന്നിവയ്ക്കും സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെ കര്‍ശനവ്യവസ്ഥകളോടെ അനുമതി നല്‍കും. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പാദനം, അനുബന്ധസാമഗ്രികള്‍, പാക്കേജിംഗ് സ്ഥാപനങ്ങള്‍, കല്‍ക്കരി, ധാതു, എണ്ണ തുടങ്ങിയവയുടെ ഉല്‍പാദനം എന്നിവയും അനുവദിക്കും. ഇതിലൂടെ രാജ്യത്തെ വ്യവസായ-ഉല്‍പാദനമേഖല പുനജ്ജീവനത്തിലേക്ക് മടങ്ങിവരുമെന്നും തൊഴിലസവരം വീണ്ടെടുക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

സാമ്പത്തിക മേഖലയില്‍ റിസര്‍വ് ബാങ്ക്, മറ്റ് ബാങ്കുകള്‍ എ.ടി.എമ്മുകള്‍,സെബിയുടെ അംഗീകാരമുള്ള വായ്പാ-മൂലധവിപണികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവക്കും തുറന്നു പ്രവര്‍ത്തിക്കാം. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും വ്യവസായമേഖലക്ക് സാമ്പത്തികസഹായം നല്‍കാനുമാണിത്.

ദേശീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതും സേവനമേഖലയിലെ പ്രധാനഘടകവുമായ ഡിജിറ്റല്‍ സാമ്പത്തികമേഖലയുടെ ഭാഗമായ ഇ കൊമേഴ്സ്, ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, സര്‍ക്കാറിന് വേണ്ടിയുള്ള ഡേറ്റ വിശകലന-കാള്‍ സെന്ററുകള്‍, ഓണ്‍ലൈന്‍ അധ്യാപനം, വിദൂര വിദ്യാഭ്യാസം എന്നിവയും അനുവദനീയമാണ്.
രാജ്യത്തെ സാമൂഹ്യ-ആരോഗ്യമേഖലയിലെ സേവനകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, അവശ്യവസ്തു വിതരണം, കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കീഴിലെ പ്രധാന ഓഫീസുകള്‍( വേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച്) എന്നിവയ്ക്കും 20 മുതല്‍ പ്രവര്‍ത്തിക്കാം.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് കാര്യങ്ങള്‍ ന്യൂ ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവികള്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, സിവില്‍ സര്‍ജന്‍മാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിഗില്‍ പങ്കെടുക്കുന്നുണ്ട്.

Related News