കുവൈത്തിലെ അഞ്ചാം മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍

  • 22/05/2021

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ചരിത്രത്തിലെ 14-ാം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി അഞ്ചാം മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍. 

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. ഡോ. ബാദര്‍ അല്‍ അസ്മി ഒഴിവായ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 166,222 പേരാണ് വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഭരണഘടനയിലെ 14-ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പാര്‍ലമെന്‍റ്  സീറ്റ് ഒഴിഞ്ഞ് കിടന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തന്‍റെ മുന്‍ഗാമിയുടെ കാലാവധി വരെയായിരിക്കും പുതിയ അംഗത്തിനും. 

1963ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അംഗങ്ങളുടെ മരണം, രാജി, ഫലങ്ങള്‍ റദ്ദാക്കല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഉള്ളത്. സുലൈമാന്‍ അഹമ്മദ് അല്‍ ഹദ്ദാദ് ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെച്ചപ്പോഴാണ് ആദ്യ ഉപതെരഞ്ഞെടുപ്പ് 1964ല്‍ നടന്നത്. 

അന്ന് അലി അല്‍ ഒമര്‍ ആണ് വിജയിച്ചത്. ഏറ്റവുമൊടുവില്‍ 2019 മാര്‍ച്ച് 16ന് രണ്ട്, മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ബാദര്‍ അല്‍ മുല്ല, അബ്‍ദുള്ള അല്‍ ഖന്ധേരി എന്നിവരാണ് വിജയം നേടിയത്.

Related News