ക്രിപ്റ്റോ കറൻസികളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

  • 22/05/2021

കുവൈത്ത് സിറ്റി:  ബിറ്റ്കോയിന്‍ പോലെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. ക്രിപ്റ്റോ കറൻസി മൂല്യത്തില്‍  ഇടിവുണ്ടായ സാഹചര്യത്തിലാണ് സി.ബി.കെ  മുന്നറിയിപ്പ് വരുന്നത്.ഇത്തരം കറന്‍സികള്‍ രാജ്യത്ത് അംഗീകാരം നല്‍കിയിട്ടില്ലെന്നും ക്രിപ്റ്റോ കറൻസികളില്‍  നിക്ഷേപം നടത്തുന്നത് അപകടകരമാണെന്നും അധികൃതര്‍ പറഞ്ഞു. 

വലിയ വരുമാനം വാഗ്ദാനം ചെയത് തട്ടിപ്പ് നടത്തുന്ന പദ്ധതികളുമായാണ് സെന്‍ട്രല്‍ ബാങ്ക് ബിറ്റ്കോയിന്‍ ഇടപാടുകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഊഹാപോഹങ്ങളാണ് ഇത്തരം വിര്‍ച്വല്‍ കറന്‍സിയുടെ മൂല്യം നിയന്ത്രിക്കുന്നത് എന്നതിനാല്‍ ഇത്തരം ഇടപാടുകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് അധികൃതര്‍  നിക്ഷേപകരോട് ആവശ്യപ്പെട്ടു. കള്ളക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പണമിടപാടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍  വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം, അംഗീകാരം എന്നിവയില്‍ ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകള്‍ വ്യക്തമായ തീരുമാനങ്ങളിലെത്തുന്ന കാലം വരെ ക്രിപ്റ്റോ കറൻസി മൂല്യത്തില്‍  ഇടിവുണ്ടാകുവാനാണ് സാധ്യതകള്‍. നിലവില്‍ കുവൈത്ത് ഉള്‍പ്പടെയുള്ള ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്രബാങ്കുകളുടെ നിയന്ത്രണമോ ഇതിനില്ല.

Related News