കുവൈറ്റ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ; ട്രാവല്‍ ഏജന്‍സികള്‍ക്ക് ആശ്വാസം.

  • 23/05/2021

കുവൈത്ത് സിറ്റി: കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പൗരന്മാരുടെയും പ്രവാസികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി കുവൈത്തിലെ വിമാനത്താവളവും പോര്‍ട്ടുകളും ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി തുറക്കും. ടൂറിസം വീണ്ടും ആരംഭിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് കൊറോണയെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റിയുടെ ചെയര്‍മാനും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി പറഞ്ഞു. 

ആരോഗ്യ മന്ത്രിയും ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരും തമ്മില്‍ അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും ഇക്കര്യത്തില്‍ തീരുമാനം ഉണ്ടാവുക. മെയ് 22 മുതല്‍ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളില്‍ 5,000 പേര്‍ക്ക് എത്താന്‍ കുവൈത്ത് അനുമതി നല്‍കിയിരുന്നു. 

അതേസമയം, പുതിയ സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വേനല്‍ക്കാലത്ത് ഉദാരമായ ഓഫറുകളുമായി രാജ്യത്തെ ടൂറിസം ഓഫീസുകൾ പരസ്പരം മത്സരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

ബോസ്നിയ, തുർക്കി, അസർബൈജാൻ, ജോർജിയ കൂടാതെ യാത്രാ നിരോധന പട്ടികയിൽ ഇല്ലാത്ത മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ നിരക്കുകളും ഓഫറുകളും പല ട്രാവൽ ഓഫീസുകളും പരസ്യം ചെയ്തിട്ടുണ്ട്. 

വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വര്‍ധിപ്പിക്കുന്ന തീരുമാനം യാത്രാ വ്യവസായത്തെ വളരെയധികം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസുകളുടെ ഉടമകള്‍ പറഞ്ഞു.

Related News