ഉച്ചസമയത്തെ ജോലി വിലക്ക്; 564 തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.

  • 29/06/2021

കുവൈത്ത് സിറ്റി: കനത്ത ചൂട് മൂലം ഉച്ച സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് വിലക്ക് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നുണ്ടോയെന്നറിയാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ പരിശോധന സംഘം തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ചു. ജൂണിലാണ് ഉച്ച സമയത്തെ ജോലി വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി 502 തൊഴിലിടങ്ങളില്‍ പരിശോധന നടന്നു. ആദ്യ ഘട്ട പരിശോധനയില്‍ വിലക്ക് ലംഘിച്ചതിന് 324 കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 564 തൊഴിലാളികള്‍ വിലക്ക് ലംഘിച്ച് ജോലി ചെയ്തതായാണ് കണ്ടെത്തിയത്. വീണ്ടും നടത്തിയ പരിശോധനയില്‍ 200 കമ്പനികള്‍ കൃത്യമായി ഉച്ച സമയത്തെ ജോലി വിലക്ക് പാലിക്കുന്നതായി ബോധ്യപ്പെട്ടപ്പോള്‍ ഒരു കമ്പനി മാത്രമാണ് ലംഘിച്ചതായി കണ്ടെത്തിയത്. 

അതോറിറ്റിയുടെ ഹോട്ട്‍ലൈനുകള്‍ വഴി 31 റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി, ഉച്ച സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി കമ്പനി ഉടമകളോട് നിര്‍ദേശിച്ചതായി മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസെയ്ദ് പറഞ്ഞു.

Related News