കുവൈത്തിൽ വാക്സിന്‍ സ്വീകരിക്കാത്ത ജോലിക്കാരെയും മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കില്ല.

  • 29/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിക്കാത്ത തൊഴിലാളികളെയും കടകളിലും മാര്‍ക്കറ്റുകളിലും പ്രവേശിപ്പിക്കില്ലെന്ന് കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ അഹമ്മദ് അല്‍ മാന്‍ഫൗഹി. അവരെ വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍, വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പൗരന്മാരും താമസക്കാരുമായി ഇടപടേണ്ടി വരുമെന്നതിനാല്‍ അവരെ വാണിജ്യ കാര്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നത് പരിശോധിക്കാനായി അല്‍ മാന്‍ഫൗഹി അവന്യൂസ് മാളില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായെന്ന് അദ്ദേഹം പറഞ്ഞു. 

സാധാരണ നിലയിലേക്ക് ജീവിതം തിരികെ എത്താന്‍ എല്ലാവരെയും വാക്സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കും. ആരോഗ്യ സംവിധാനത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കുന്നത്. സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ വലിയ തോതില്‍ വാക്സിന്‍ നല്‍കാനാണ് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നത്. 

അതേസമയം, വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഷോപ്പിംഗ് ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News