ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നില്ല; കടുത്ത ആശങ്ക രേഖപ്പെടുത്തി ആരോഗ്യ മന്ത്രാലയം.

  • 14/07/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിദിന നിരക്കില്‍ കുറവുണ്ടാകത്തത് ആരോഗ്യ മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ടി.പി.ആര്‍ നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍  എണ്‍പത് ശതമാനം കിടക്കകളും നിറഞ്ഞിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗങ്ങളിലും ആശുപത്രികളില്‍ അഡ്മിറ്റ്‌ ചെയ്യുന്ന രോഗികളുടെ എണ്ണവും  വര്‍ദ്ധിക്കുന്നത് കടുത്ത സമ്മര്‍ദ്ദമാണ് ആരോഗ്യ മേഖലയില്‍ നല്‍കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന കൊറോണ ഭീഷണിയുടെ തീവ്രമായ ഘട്ടമത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത്.

അതിനിടെ  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. രോഗികളെ വേഗത്തില്‍ സുഖപ്പെടുത്തുന്നതിനുള്ള മികച്ച ചികിത്സയാണ് രാജ്യത്ത് ലഭ്യമാക്കുന്നതെന്നും പ്രത്യേക പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ മാസത്തില്‍ മാത്രമായി  കുവൈത്തില്‍  167 മരണങ്ങളാണ് ഇതുവരെ  രേഖപ്പെടുത്തിയത് . ഇതിൽ വാക്സിനേഷന്‍  ലഭിക്കാത്ത 157 പേരും , ഒരു ഡോസ് ലഭിച്ച 5 പേരും ,  രണ്ട് ഡോസുകൾ സ്വീകരിച്ച് അഞ്ച് പേരും ഉള്‍പ്പെടുന്നു. കൊറോണക്കെതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍ മാത്രമാണ് പ്രതിരോധ മാര്‍ഗ്ഗമെന്നും  വാക്സിനേഷന്‍ സ്വീകരിച്ചവരുടെ മരണനിരക്ക് വളരെ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായും  ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതു ജനങ്ങളില്‍ പലരും വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും മരണ നിരക്കിലെ കണക്കുകള്‍ അത്തരക്കാര്‍ക്ക്  പുനർവിചിന്തനം നടത്താന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. 

വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച  കൊവിഡ് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. വേണ്ടത്ര ശുചിത്വമില്ലാത്ത ക്യാമ്പുകളിലാണ് തൊഴിലാളികള്‍ കഴിഞ്ഞ് കൂടുന്നത്. മിക്ക ക്യാമ്പുകളിലും സാമൂഹിക അകലം പോലും  സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. 

Related News