അഞ്ച് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനമില്ല;വിദേശികള്‍ ആശങ്കയില്‍

  • 31/07/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ 14 ദിവസമായി  ഇന്ത്യ,ബംഗ്ലാദേശ്,നേപ്പാള്‍,പാകിസ്ഥാന്‍,ശ്രിലങ്ക തുടങ്ങിയ രാജ്യങ്ങളില്‍  താമസിച്ച വിദേശികള്‍ക്ക് രാജ്യത്തേക്ക് നേരിട്ട്  പ്രവേശനം അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ പാസഞ്ചര്‍ ആന്‍ഡ് കാര്‍ഗോ സര്‍വീസ് മേധാവി അബ്ദുള്ള അല്‍ ഖല്ലാഫ്‌ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.   ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മുന്നാം രാജ്യത്ത്  14 ദിവസം ക്വാറന്റീന്‍ അനുഷ്ടിക്കണം. പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. സാധുതയുള്ള ഇഖാമയും ആരോഗ്യ മന്ത്രാലയം  അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയപരിധിക്കകത്തെ പിസി‌ആർ പരിശോധനാ റിപ്പോർട്ടുമുള്ള പ്രവാസികള്‍ക്ക് നേരത്തെ  കുവൈത്തിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. 

അതിനിടെ 2019 സെപ്റ്റംബര്‍ ഒന്നിനും അതിന് ശേഷവും കുവൈത്തില്‍ നിന്ന് യാത്രയായ പ്രവാസികള്‍ക്ക് സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഹാജരാക്കിയാല്‍ പ്രവേശനം അനുവദിക്കുമെന്നും  2019 ഓഗസ്റ്റ് 31നും അതിന് മുമ്പും കുവൈത്തില്‍ നിന്ന് പോയവര്‍ക്ക് സാധുവായ താമസ രേഖ  ഹാജരാക്കിയാലും പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍  പൂർത്തിയായാക്കിയവർക്ക്​ വാക്സിൻ സർട്ടിഫിക്കറ്റിന്​ ആരോഗ്യമന്ത്രലായത്തിന്‍റെ അംഗീകാരം ലഭിച്ചാൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്ന് വ്യോമയാന വകുപ്പ്​ മേധാവി  യൂസഫ് അൽ ഫൗസാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

പുതിയ നിര്‍ദ്ദേശത്തോടെ കുവൈത്തിലേക്ക് വരുവാനായി ടിക്കറ്റെടുത്ത ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തില്‍ 14 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. മാസങ്ങളായി മടങ്ങാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് കടുത്ത നിരാശ നല്‍കുന്നതാണ് പുതിയ തീരുമാനം. 

Related News