ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ല; ആശയക്കുഴപ്പം തുടരുന്നു

  • 01/08/2021

കുവൈത്ത് സിറ്റി : ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ സാധിക്കുകയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികൾ കുവൈത്തിൽ എത്തുന്നതിനുമുമ്പായി മറ്റൊരു രാജ്യത്ത്  14 ദിവസം  തങ്ങിയതിന് ശേഷമേ കുവൈത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ . കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിദേശങ്ങളില്‍ കുവൈത്തിലെത്തുന്നവർക്ക് ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. രാജ്യത്ത് പ്രവേശിച്ച്  3 ദിവസത്തിനകം നടത്തുന്ന പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാനും കഴിയും. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുതിയ നിബന്ധന ബാധകമാണ്. വാക്സിനേഷൻ എടുക്കാത്ത വീട്ട് ജോലിക്കാര്‍ ബെൽസലാമ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വാക്സിനേഷൻ സ്വീകരിച്ച ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  ബെൽസലാമയിൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട് ഒരുവർഷത്തിലേറെയായി. എന്നാൽ ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രവേശനാനുമതി നൽകിയിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ എല്ലാവരുടേയും പ്രവേശനാനുമതി നേരത്തെ റദ്ദാക്കിയിരുന്നു. പുതിയ നിബന്ധന പ്രകാരം മറ്റ്  രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം മാത്രമാണ് ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. 

Related News