കുവൈത്തിൽ ബജറ്റ് കമ്മി കുറയുന്നില്ല; പൊതുമേഖലയിലെ ചിലവുകള്‍ വര്‍ദ്ധിക്കുന്നു.

  • 15/08/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  ഡ്രൈവിംഗ് ലൈസൻസ് ഫീസായി സര്‍ക്കാരിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍  1.8 ദശലക്ഷം ദിനാറും റസിഡൻസി വകയില്‍ 3.6 ദശലക്ഷം ദിനാറും  ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവന നിർമ്മാണത്തിനും യാത്രാ ടിക്കറ്റിനുമായി  44.37 ദശലക്ഷം ദിനാറാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചിലവഴിച്ചത് .കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ 1400 കോടി ദീനാർ കമ്മിയുമായി കുവൈത്ത് ബജറ്റ്  പുതുക്കിയിരുന്നു. കോവിഡ് പ്രതിരോധവും അനുബന്ധ ചിലവുകളാണ് രാജ്യത്തെ ധന സ്ഥിതിയുടെ കണക്കുകൂട്ടലുകള്‍ താളംതെറ്റിച്ചത്. നിലവിൽ ബജറ്റിൽ മൊത്തംവരുമാനത്തിന്‍റെ 70% ശമ്പളത്തിനും സബ്സിഡികൾക്കുമാണ് ചെലവഴിക്കുന്നത്.എണ്ണ വിലയില്‍ ഉണ്ടായ വന്‍ കുറവും ചിലവുകള്‍ കൂടുന്നതുമാണ്  ധന കമ്മിക്ക് കാരണമെന്ന് ധനാകാര്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ  പൊതുമേഖലയിലെ തൊഴിലാളികൾക്ക് നൽകുന്ന മൊത്തം ശമ്പളത്തില്‍ 4 ബില്യൺ ദിനാര്‍  വർദ്ധനവാണ്  രേഖപ്പെടുത്തിയത്. 2010 തുടക്കത്തില്‍ ആകെ തുക  3.2 ബില്ല്യന്‍ ദിനാര്‍ ആയിരുന്നുവെങ്കില്‍ 2021 ല്‍ 7.2  ബില്യന്‍ ദിനാറായി വര്‍ദ്ധിച്ചു. ഇപ്പോയത്തെ പ്രതിസന്ധിയില്‍ രാജ്യം ലിക്വിഡിറ്റി ക്ഷാമവും നേരിടുന്നുണ്ട്. ശമ്പളമായി വലിയ തുക നല്‍കേണ്ടതിനാല്‍ ദിനം പ്രതിയുള്ള പ്രതിസന്ധി കൂടി വരികയാണെന്നും പൊതുചെലവുകൾ വെട്ടിക്കുറച്ച് ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ   സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലിക്കാരുടെ  ഉയർന്ന ശമ്പളം രാജ്യത്തെ വ്യാപാര മേഖലക്ക് പുത്തനുണര്‍വേകുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ബാങ്കുകള്‍ ഉദാരമായി വായ്പകള്‍ നല്‍കുന്നതും രാജ്യത്തെ  പശ്ചാത്തല സൗകര്യങ്ങളുടെ ശക്തമായ വളർച്ചയും സാമ്പത്തിക മേഖലക്ക് നേരിയ ഊര്‍ജ്ജം നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സ്വദേശികളും വിദേശികളും  ഡിജിറ്റല്‍ കൈമാറ്റത്തിലൂടെ മാത്രം വിപണയില്‍ ചിലവഴിച്ചത് ഏകദേശം 88 ബില്യൺ ഡോളറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ബജറ്റിൽ കണക്കാക്കിയതിനെക്കാൾ വില എണ്ണയ്ക്ക് ലഭിക്കുന്ന ഇപ്പോയത്തെ സാഹചര്യം തുടര്‍ന്നാല്‍ കമ്മി കുറയ്ക്കാൻ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News