കോവിഡ് ചികിത്സക്കായി സൊട്രോവിമാബ് ഉപയോഗിക്കാൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം.

  • 17/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് ചികിത്സക്കായി സൊട്രോവിമാബ്  ഉപയോഗിക്കാൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം. കോവിഡിന്റെ മിതമായ കേസുകളിലാണ്  സൊട്രോവിമാബ്  ഉപയോഗം ആരംഭിച്ചത്. അൽ-റാസി, ജാബർ അൽ-അഹ്മദ്, ഫർവാനിയ ആശുപത്രികളിൽ കോവിഡ് 19 വൈറസ് ബാധിച്ച  രോഗികൾക്ക്   സൊട്രോവിമാബ്  എന്ന മരുന്ന് ഉപയോഗിക്കാൻ തുടങ്ങി. ഉടൻ തന്നെ കുവൈത്തിലെ  എല്ലാ ആശുപത്രികളിലും ഈ മെഡിസിൻ  എത്തിക്കും.

യൂഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകരിച്ച സൊട്രോവിമാബ് ആന്റി ബോഡി ചികിത്സ മിക്ക ഗൾഫ് രാജ്യങ്ങളും  അംഗീകരിച്ചിരുന്നു.  85 ശതമാനം ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമാണ് ഈ ചികിത്സയെന്ന് നിർമ്മിതാക്കൾ അവകാശപ്പെടുന്നു. 

ഈ ഡോസ് സ്വീകരിച്ച രോഗികൾ 24 മണിക്കൂറിനകം ആശുപത്രി വിടുന്നതായാണ് റിപ്പോർട്ട്. മരണനിരക്ക് കുറക്കാനും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് തടയാനും ഈ ചികിത്സയിലൂടെ സാധിക്കും.

Related News