വാഹന ഗതാഗത തിരക്ക് വര്‍ദ്ധിക്കുന്നു; തിരക്ക് കുറക്കാന്‍ നിര്‍ദ്ദേശവുമായി പാർലമെൻറ് അംഗം

  • 20/08/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെ വാഹന ഗതാഗത തിരക്ക് വര്‍ദ്ധിക്കുന്നു.രാജ്യത്തെ മിക്ക റോഡുകളിലും രാവിലെയും വൈകീട്ടും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായി തുറന്നതും വ്യാപാര, വാണിജ്യ, തൊഴിൽ മേഖലയില്‍ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതുമാണ് തിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണം.അധിക തിരക്ക് കണക്കിലെടുത്ത് ഗതാഗതവകുപ്പ് പ്രത്യേക കൺ‌ട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളും ക്യാമറകൾ വഴി കൺ‌ട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിങ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.  കഴിഞ്ഞ ആഴ്ച മുതലാണ്‌ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ പൂര്‍ണ്ണ ഹാജര്‍ നിര്‍ബന്ധമാക്കിയത്.സകല ജീവിത മേഖലകളേയും സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് പതുക്കേ രാജ്യം മുക്തമാകുകയാണെങ്കിലും കോവിഡ് ജാഗ്രതാ നിർദേശങ്ങളെല്ലാം കര്‍ശനമായി  പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

അതിനിടെ കുവൈത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഗതാഗത തിരക്ക് പരിഹരിക്കാൻ സർക്കാർ പൊതു സ്ഥാപനങ്ങളിലെ ജോലിസമയം മാറ്റണമെന്ന നിർദേശവുമായി പാർലമെൻറ് അംഗം  രംഗത്ത് വന്നു. ജീവനക്കാരെ രണ്ടു ഗ്രൂപ്പായി വിഭജിച്ച് ആദ്യ ഗ്രൂപ്പ് രാവിലെ 6:30 മുതൽ 9:30 വരെയും രണ്ടാമത്തെ ഗ്രൂപ്പ് 12:30 മുതൽ 3:30 വരെയും പ്രവർത്തിക്കണമെന്നാണ് മുഹമ്മദ് അൽ സായർ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

Related News