നേഴ്സുമാരുടെ റിക്രൂട്ട്മെന്‍റ്; അമിത ഫീസ് ഈടാക്കുന്നവർക്കെതിരെ നടപടി.

  • 01/10/2021

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത് അല്ലാതെ കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്‍റിനായി നേഴ്സുമാര്‍ ഒരു ചില്ലികാശ് പോലും റിക്രൂട്മെന്റ്  ഫീസായി അധികം നല്‍കരുതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. ഇന്ത്യ - കുവൈത്ത് നേഴ്സസ് റിക്രൂട്ട്മെന്‍റ്  സംബന്ധിച്ച് നടന്ന ഓപ്പണ്‍ ഹൗസിലാണ് അദ്ദേഹത്തിന്‍റെ ഈ മുന്നറിയിപ്പ്. 

ഇന്ത്യന്‍ സർക്കാരിന്‍റെ വിജ്ഞാപന പ്രകാരം റിക്രൂട്ട്മെന്‍റ്  ഏജന്‍സികള്‍ക്ക് 30,000 ഇന്ത്യന്‍ രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. ഇതില്‍ കൂടുതല്‍ വാങ്ങുന്നത് അഴിമതി തന്നെയാണ്. ഇങ്ങനെ ആരെങ്കിലും വാങ്ങിയാല്‍ അവരെ കുറിച്ച് എംബസിയില്‍ വിവരം അറിയിക്കണം. നടപടി ഉറപ്പായി ഉണ്ടായിരിക്കുമെന്നും സ്ഥാനപതി പറഞ്ഞു. 

ഇടനിലക്കാരെ ഒഴിവാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം വഴി ഇന്ത്യയില്‍ നിന്ന് നേഴ്സുമാരെ നേരിട്ട് റിക്രൂട്ട്മെന്‍റ്  നടത്തുന്നതിനുള്ള സാധ്യത പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

ഇതിനൊപ്പം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവും കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പൺ ഹൗസിൽ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളുമായും നേഴ്സിംഗ് കമ്മ്യൂണിറ്റി അംഗങ്ങളുമായും അംബാസഡർ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു.

Related News