ഞായറാഴ്ച മുതല്‍ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുവാന്‍ സാധ്യത; തയ്യാറെടുപ്പുകളുമായി ട്രാഫിക് വകുപ്പ്.

  • 01/10/2021

കുവൈത്ത് സിറ്റി : ഞായറാഴ്ച മുതല്‍ കുവൈത്തിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക്  വര്‍ദ്ധിക്കുവാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍  വിദേശ സ്കൂളുകള്‍ തുറന്നുവെങ്കിലും അറബിക് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.സ്കൂളുകൾ പുനരാരംഭിക്കുന്നതോടെ റോഡുകളില്‍ വലിയ തിരക്കുകള്‍ ഉണ്ടാകും.  പൊതു, സ്വകാര്യ അറബിക് സ്കൂളുകളില്‍ ഏകദേശം 520,373 വിദ്യാർത്ഥികളാണ്  പഠിക്കുന്നത്. സ്കൂൾ തുറക്കുന്നതിടെ ട്രാഫിക് കുരുക്ക് മുന്‍കൂട്ടി കണ്ട് വലിയ തയ്യാറെടുപ്പുകളാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ഗതാഗതം നിയന്ത്രിക്കാൻ പ്രധാന ഹൈവേകളിലും സ്കൂളുകൾക്ക് സമീപവും പട്രോളിംഗ് വാഹനങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സമയത്ത് റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു. 

നേരത്തെ രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന നിര്‍ദ്ദേശം ട്രാഫിക് കൗൺസിൽ നല്‍കിയിരുന്നുവെങ്കിലും  സർക്കാർ തള്ളുകയായിരുന്നു. അതിനിടെ വാഹനങ്ങളുടെ കാലപ്പഴക്കംമൂലം ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കും. വർധിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് കർശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുവാന്‍ നീക്കമുള്ളതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പൊതു ഗതാഗത സംവിധാനങ്ങളോട് രാജ്യം പുറം തിരിഞ്ഞു നിൽക്കുന്നതാണ് നിരത്തുകളിൽ തിരക്കുണ്ടാകുന്നതിനു പ്രധാന കാരണം.  ഓരോരുത്തരും ഓരോ വാഹനങ്ങളിൽ ജോലിക്കു പോകുന്ന സാഹചര്യം ഒഴിവാക്കി പൊതു വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകണം. ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും ജംഇയകളും ഒക്കെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാന് രാജ്യത്തെ സാഹചര്യമെന്നും ജോലി സമയം മാറ്റുന്നത് കൊണ്ട് നിരത്തുകളിലെ തിരക്ക് കുറക്കാമെന്ന് കരുതുന്നില്ലെന്നും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് വ്യക്തമാക്കി.

Related News