പതിനാല് വനിത ജഡ്ജിമാരെ നിയമിച്ച് ജുഡിഷ്യല്‍ ജനറൽ അസംബ്ലി

  • 01/10/2021

കുവൈത്ത് സിറ്റി : രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയില്‍ ചരിത്രമെഴുതി ഏഴ് ചീഫ് ജസ്റ്റിസുമാര്‍ അടക്കം  പതിനാല്  വനിതാ  ജഡ്ജിമാര്‍ സ്ഥാനമേറ്റു. ഇത്യാദ്യമായി ഏഴ് വനിതാ ജഡ്ജിമാർ ക്രിമിനൽ കേസുകളുടെ ദുരുപയോഗ വകുപ്പുകൾക്ക് നേതൃത്വം നൽകുമെന്ന് ജനറൽ അസംബ്ലി കൗൺസിലർ മേധാവി അബ്ദുല്ലത്തീഫ് അൽ തുനയന്‍ അറിയിച്ചു. ഇതോടെ കുറ്റകൃത്യങ്ങളിലും ട്രാഫിക്കുമായി ബന്ധപ്പെട്ട കേസുകളിലും  വിധികൾ പാസാക്കാൻ വനിതാ ജഡ്ജിമാര്‍ക്ക് കഴിയും.

ഫാത്തിമ അൽകന്ദാരി, സനാബൽ അൽ ഹൂട്ടി, ഫാത്തിമ സഗീർ, ബഷീർ മുഹമ്മദ്, ബഷായർ അൽ റഖ്ദാൻ, റോവ അൽ-തബ്തബായ്, ലുൽവ അൽ ഗാനിം എന്നീവരെ ചീഫ് ജസ്റ്റിസുമാരായും ഷെരീഫ അൽ മുബാറക്, ഇസ്രാ സെലിം, ലുൽവ അൽ അംഹൗജ്, ഫാത്തിമ അൽ ഫർഹാൻ, അൻവർ അൽ ബിൻ അലി, ഹിലാൽ അൽ ദുരൈ, ഫറ അൽ അജീൽ എന്നിവരെ വിവിധ  സർക്യൂട്ടുകളില്‍ വനിത ജഡ്ജിമാരായും നിയമിച്ചു. 2018ലാണ് കുവൈത്ത് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വനിതകളെ പബ്ലിക് പ്രോസിക്യൂഷനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.ഗള്‍ഫ് മേഖലയില്‍ തന്നെ വനിതകള്‍ക്ക് വലിയ പരിഗണന നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. രാജ്യത്ത് എല്ലാ മേഖലകളിലും വനിതകള്‍ നിര്‍ണ്ണായക സാന്നിധ്യമായിട്ടുണ്ട്. പാര്‍ലമെന്റിലും മന്ത്രിസഭയിലും വനിതകള്‍ക്ക് വലിയ പ്രാതിനിധ്യമാണുള്ളത്.  കുവൈത്ത് അമീറിന്‍റെ പ്രത്യേക താല്പര്യം കണക്കിലെടുത്താണ് എല്ലാ മേഖലകളിലും വനിതകളുടെ ശക്തമായ മുന്നേറ്റം സാധ്യമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

Related News