ജാബിര്‍ കടല്‍പ്പാലത്തിലെ സൈക്കിള്‍ സവാരി നിരോധനം താല്‍ക്കാലികമാണെന്ന് ആഭ്യന്തര മന്ത്രാലയം

  • 03/10/2021

കുവൈത്ത് സിറ്റി : ജാബർ ബ്രിഡ്ജിലെ  സൈക്കിള്‍ സവാരി നിരോധനം താല്‍ക്കാലികമാണെന്ന് ആഭ്യന്തര മന്ത്രാലയം  അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അറിയിച്ചു. ട്രാഫിക് സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി ജാബർ ബ്രിഡ്ജില്‍  ഫീൽഡ് ടൂറിനായി എത്തിയതായിരുന്നു ഫൈസൽ അൽ നവാഫ്. സ്കൂളുകൾ തുറക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തെ പല ഭാഗത്തും കടുത്ത ഗതാഗതക്കുരുക്കാണ് ഇന്ന് അനുഭവപ്പെട്ടത്. റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദാരിയും മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കാളിയായി. 

റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത് പരിഗണിച്ചായിരുന്നു സൈക്കിള്‍ സവാരിയും നടത്തവും ജാബിര്‍ കടല്‍പ്പാലത്തില്‍ നിരോധിച്ചത്. അടുത്തിടെ ഉണ്ടായ അപകടങ്ങളും താല്‍ക്കാലിക നിരോധനത്തിന് കാരണമായി. പാലത്തില്‍  ഗതാഗതത്തിരക്ക് കുറവായതിനാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി സൈക്കിള്‍ യാത്രക്കാരെ ഇടിക്കാന്‍ സാധ്യത കൂടുതലാണ്. സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക ട്രാക്ക് നിര്‍മിക്കുന്നതും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ഷെയ്ഖ് ജാബിര്‍ ബ്രിഡ്ജ്.ഗസാലി അതിവേഗ പാതയിലെ സിഗ്‌നല്‍ പോയന്റില്‍ നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസിര്‍ റോ ഡിന് അനുബന്ധമായി സുബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റര്‍ നീളമാണുള്ളത്.

Related News