വിദേശികളുടെ പതിനായിരക്കണക്കിന് ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം

  • 11/10/2021

കുവൈത്ത് സിറ്റി : വിദേശികളുടെ പതിനായിരക്കണക്കിന്  ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം.കഴിഞ്ഞ ദിവസം നടത്തിയ  പരിശോധനയില്‍  നിരവധി വിദേശികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. കൂടുതൽ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.  ഏകദേശം 40,000 ത്തോളം പ്രവാസികളാണ് അനധികൃതമായ രീതിയില്‍   ഡ്രൈവിംഗ് ലൈസൻസ് കൈവശം വെക്കുന്നത്. ഇതില്‍ പലരും അനധികൃത രീതിയിൽ ലൈസൻസ് സമ്പാദിച്ചവരും  നേരത്തെ ഡ്രൈവിങ് ലൈസൻസ് അനുവദനീയമായ തസ്തികയിൽ ജോലി ചെയ്യുമ്പോൾ ലൈസന്‍സ് എടുക്കയും പിന്നീട് തസ്തിക മാറിയിട്ടും ലൈസന്‍സ് തിരിച്ചേൽ‌പിക്കാത്തവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് മാത്രമായി പഠന സമയത്ത് 20,000 ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്.  അവരിൽ ഭൂരിഭാഗവും പഠനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കൈമാറിയിട്ടില്ല. 

വിദേശികളില്‍ 600  ദിനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ട് വർഷം താമസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയ തസ്തികകളിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച ഡ്രൈവിങ് ലൈസൻസ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാൽ ഗതാഗത വകുപ്പിന് തിരികെ ഏല്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. അതിനിടെ വിദേശികള്‍ക്ക്  ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുവാനുള്ള തയ്യാറുടുപ്പിലാണ് ഗതാഗത മന്ത്രാലയം. ഇത് സംബന്ധമായ പഠനം നടത്തുവാന്‍ ആഭ്യന്തര മന്ത്രാലയയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫൈസൽ അൽ നവാഫ് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നിരത്തുകളിലെ ഗതാഗതക്കുരുക്ക് , അപകടങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, പഴകിയ വാഹനങ്ങളുടെ ഉപയോഗം എന്നിവ കുറക്കുന്നതിനായാണ് അധികൃതർ വിവിധ നടപടികൾ ആവിഷ്‌കരിക്കുന്നത്. 

ട്രാഫിക് വകുപ്പ് കാന്‍സല്‍ ചെയ്ത ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തുന്നതിനായി ട്രാഫിക് ഡിപ്പാർട്ട്മെന്റ്,മാനവശേഷി, റെസിഡൻസി അഫയേഴ്സ് എന്നിവ തമ്മിൽ ഡാറ്റ ബന്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ പഴയതും അസാധുവായതുമായ ലൈസൻസുള്ള പ്രവാസിക്ക് താമസ രേഖ പുതുക്കാൻ ലൈസൻസ് കൈമാറേണ്ടിവരും . 

Related News