കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം തിങ്കളാഴ്ച തുടങ്ങും; സമരത്തില്‍നിന്നും പിന്‍മാറണമെന്ന് സി.എം.ഡി

  • 19/12/2021

തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സിയില്‍ മുടങ്ങിയ ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍. ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നര്‍ സര്‍വിസിനെത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തില്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 

കൊവിഡിന് ശേഷമുള്ള റിക്കാര്‍ഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്. 5.79 കോടി രൂപ. വെള്ളിയാഴ്ചയും സമാന വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 4.83 കോടിയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്‌കരണം നടത്തിക്കഴിഞ്ഞാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂവെന്ന് സി.എം.ഡി പറഞ്ഞു. 

ക്രിസ്മസ് അവധി ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നതിനാല്‍ ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് സര്‍വിസ് മുടക്കരുതെന്നും സി.എം.ഡി പറഞ്ഞു.

Related News