കടബാധ്യതയിൽ മനംനൊന്ത് ചെറുകിട സംരംഭക ജീവനൊടുക്കി

  • 20/12/2021

തിരുവനന്തപുരം: കടബാധ്യതയിൽ മനംനൊന്ത് തിരുവനന്തപുരം വിളപ്പിലിൽ ചെറുകിട സംരംഭക ജീവനൊടുക്കി. കല്ലുമലയിൽ ഹോളോ ബ്രിക്സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. വിളപ്പിലിൽ ചെറുകിട സംരംഭകയായ രാജിക്ക് അൻപത്തിയെട്ട് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു.

 ഹോളോബ്രിക്സ് കമ്പനിയുടെ നടത്തിപ്പിനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കും എടുത്ത വായ്പയും ചിട്ടിയുമാണ് ബാധ്യത കൂട്ടിയത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടവ് മുടക്കി. ഭൂമിയായി 74 സെന്‍റ് കൈവശമുണ്ടായിരുന്നെങ്കിലും ഉപയോഗപ്പെട്ടില്ല. വിളപ്പിലിൽ സാങ്കേതിക സർവകലാശാലക്കായി ആദ്യം തീരുമാനിക്കപ്പെട്ട ഭൂപ്രദേശത്ത് രാജിയുടെ കുടുംബത്തിന്‍റെ ഭൂമിയും ഉൾപ്പെട്ടിരുന്നു. ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയുടെ വിസ്തൃതി കുറച്ചതോടെയാണ് പ്രശ്നം വഷളായത്. വാങ്ങിവച്ച ഭൂരേഖകൾ സമയത്ത് തിരികെ ലഭിക്കാതായതോടെ ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായെന്നും ഇതിൽ രാജിക്ക് വിഷമം ഉണ്ടായിരുന്നുവെന്നുമാണ് ഭർത്താവ് പറയുന്നത്. 

Related News