തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കുന്നതിനിടെ ടയർ കയറിയിറങ്ങി ക്ലീനറിന് ദാരുണാന്ത്യം

  • 20/12/2021

തിരുവനന്തപുരം:  കേടായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് ബസ് തനിയെ ഉരുണ്ടു നീങ്ങി, ബസിന്റെ ടയർ കയറിയിറങ്ങി ക്ലീനർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ആഴിമല റോഡിലായിരുന്നു അപകടം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ ജയദേവൻ ചെല്ലമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (ബിനു 44) ആണ് മരിച്ചത്. 

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുമായി വന്ന് കയറ്റിറക്ക് റോഡിൽ ഉരുണ്ടു നീങ്ങിയ വാഹനം കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാൽ വൻ അപകടം ഒഴിവായി. തീർഥാടക സംഘം സഞ്ചരിച്ച ബസ് മടങ്ങി പോകാൻ ഒരുങ്ങവെ സ്റ്റാർട്ടായില്ല.  ഇന്ധനം തീർന്നെന്ന് സംശയം തോന്നിയ ജീവനക്കാർ പെട്രോൾ വാങ്ങി നിറച്ചതോടെ ബസ് സ്റ്റാർട്ടായി. ഇതോടെ പുറത്തു നിന്ന യാത്രക്കാർ ബസിൽ കയറി. എന്നാൽ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഓഫായി. വീണ്ടും നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ ഇറക്ക ഭാഗത്തേക്ക് ബസ് താനെ ഉരുണ്ടു നീങ്ങുകയായിരുന്നു. 

ബ്രേക്ക് ചവിട്ടി നിർത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. വാഹനത്തിനടിയിപ്പെട്ടാണ് ക്ലീനർ മരിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിന് താഴെക്ക് ഉരുണ്ടതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിച്ചതു കണ്ട് നാട്ടുകാരുൾപ്പെടെയുള്ളവർ ഓടിയെത്തി. കുത്തനെയുള്ള ഇറക്കം അവസാനിക്കുന്നത് ആഴിമല കടൽത്തീരത്താണ്. വാഹനം കുറച്ച് കൂടി നീങ്ങിയിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Related News