'ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന് ഞാൻ വാക്ക് നൽകിയതാണ്': ചതിക്കുഴികളിൽ വീഴരുതെന്ന് അമിത് ഷാ

  • 23/01/2022

ശ്രീനഗർ: ജമ്മു-കശ്മീർ വിഷയത്തിൽ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിയാൽ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ് ഗവേണൻസ് ഇൻഡക്സ് എന്ന പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസിൽ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നിശബ്ദരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. പക്ഷെ ഞാനൊരു കാര്യം വ്യക്തമായി പറയാം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് ഞാൻ പാർലമെന്റിൽ ഉറപ്പ് നൽകിയതാണ്. ഇതിനെതിരെ ആളുകൾ പറഞ്ഞു നടക്കുന്ന ചതിക്കുഴികളിൽ വീഴരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് പ്രഥമ പരിഗണനയാണ് നൽകുന്നത്. ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു.

2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത്. ജമ്മു - കശ്മീർ, ലഡാക്ക് എന്നീ രണ്ട് പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണം നടന്നത്.

Related News