കൂറുമാറുമെന്ന ഭയം; സ്ഥാനാർത്ഥികളെ ദൈവത്തിന് മുന്നിൽ സത്യം ചെയ്യിച്ച് ഗോവ കോൺഗ്രസ്

  • 23/01/2022

പനാജി: ഗോവയിൽ കൂറുമാറ്റം തടയാൻ സ്ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ചായിരുന്നു  സ്ഥാനാർത്ഥികളൊക്കൊണ്ട് കോൺഗ്രസ് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ജനങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുള്ള അവിശ്വാസം നീക്കാൻ വേണ്ടിയാണ് നടപടി എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 2019 ൽ സംഭവിച്ചതുപോലെയുള്ള കൂറുമാറ്റം ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് സത്യപ്രതിജ്ഞ ചെയ്യിക്കലിലൂടെ കോൺഗ്രസ്. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കോൺഗ്രസിന്റെ ഗോവയിലെ 36 സ്ഥാനാർത്ഥികളാണ് ക്ഷേത്രത്തിലും ക്രിസ്തീയ, മുസ്ലീം പള്ളികളിലുമായി കൂറുമാറില്ലെന്നും പാർട്ടിയോട് വിശ്വസ്തത പുലർത്തുമെന്നും സത്യം ചെയ്തത്. മത്സരത്തിൽ ജയിച്ചാൽ അടുത്ത അഞ്ച് വർഷം പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ചിരിക്കുന്നത്. ജയിച്ച് കഴിഞ്ഞാൽ പാർട്ടി വിടുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കിടയിൽ പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. 

ഞങ്ങൾക്ക് സ്ഥാനാർത്ഥിത്വം തന്ന കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു... എന്ത് സാഹചര്യമുണ്ടായാലും തെരഞ്ഞെടുക്കപ്പെട്ടവർ പാർട്ടിക്കൊപ്പെ നിൽക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു... ഗോവയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു. സമാനമായ പ്രതിജ്ഞ തന്നെ ബാംബോളിം ക്രോസ് ദേവാലയത്തിലും ബെറ്റിം പള്ളിയിലും  നടന്നു. 

Related News