ക്ലബ്ബ് ഹൗസിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം; ചോദ്യം ചെയ്തവരിൽ കോഴിക്കോട് സ്വദേശിനിയും

  • 23/01/2022

ദില്ലി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്തവരിൽ മലയാളി പെൺകുട്ടിയുമെന്ന് സ്ഥിരീകരണം. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു.  അന്വേഷണവുമായി പെൺകുട്ടിയും കുടുംബവും സഹകരിച്ചു. 

പെൺകുട്ടിയുടെ ഫോണും ലാപ്പ്‌ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. കേസിൽ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ ഈ പെൺകുട്ടിയാണ്. കേസിൽ ലക്നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ സ്ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിനു നോട്ടീസ് നൽകിയിരുന്നു.  ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Related News