'പത്ത് രൂപ പോലും തികച്ചെടുക്കാൻ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാൻ വന്നത്', പരിഹാസം; ഒടുവിൽ കർഷകൻറെ പ്രതികാരത്തിൽ തലകുനിച്ച് വണ്ടിക്കമ്പനി

  • 24/01/2022

ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് ഒരാളെയും വിലയിരുത്തരുത് എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം കർണാടകയിലെ തുംകൂറിൽ നടന്നത്. തൻറെ പ്രിയപ്പെട്ട വാഹനം വാങ്ങാനായി പ്രമുഖ വാഹന നിർമ്മാതാക്കളുടെ ഷോറൂമിൽ എത്തിയ ഒരു കർഷകനെ ഷോറൂമിലെ സെയിൽസ്മാൻ അപമാനിക്കുകയും പിന്നീട് നടന്ന നാടകീയ സംഭവങ്ങളുമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിലും വൈറലാകുന്നത്. 

തുംകുരുവിലെ മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാൻ വാങ്ങാൻ എത്തിയ യുവകർഷകനായ കെംപഗൗഡയ്ക്ക് ഉണ്ടായ അനുഭവമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  പൂക്കൾ കൃഷിചെയ്യുന്ന കെംപഗൗഡ കൂട്ടുകാരുടെ കൂടെയാണ് കൃഷി ആവശ്യത്തിനായി പ്രിയപ്പെട്ട പിക്കപ്പ് എസ്യുവി വാങ്ങാൻ മഹീന്ദ്രയുടെ ഷോറൂമിൽ എത്തിയത്. എന്നാൽ സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീർക്കാൻ എത്തിയവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്. 

10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെംപഗൗഡ ചോദിച്ചപ്പോഴായിരുന്നു അപമാനിക്കുന്ന വാക്കുകൾ ജീവനക്കാരൻറെ ഭാഗത്ത് നിന്നുണ്ടായത്. പത്ത് രൂപ പോലും തികച്ചെടുക്കാൻ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാൻ വന്നത് എന്നായിരുന്നു സെയിൽസ്മാന്റെ പരിഹാസം. ഇതോടെ ദേഷ്യം വന്ന കെംപഗൌഡ പണം തന്നാൽ ഇന്നുതന്നെ കാർ കിട്ടുമോ എന്ന് തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും പറഞ്ഞു. അരമണിക്കൂറിനകം വരാമെന്ന് പറഞ്ഞ് യുവാവ് ഇറങ്ങിപ്പോയപ്പോൾ അയാൾ വെറുംവാക്ക് പറഞ്ഞതാണെന്നാണ് ഷോറൂം അധികൃതർ കരുതിയത്. എന്നാൽ പറഞ്ഞ സമയത്തിനകം തന്നെ കെംപഗൗഡ പണവുമായി എത്തിയതോടെ അവർ ഞെട്ടി. ഇപ്പോൾത്തന്നെ വാഹനം ഡെലിവറി ചെയ്യണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ ഷോറൂം അധികൃതർ ശരിക്കും കുടുങ്ങി. 

ഉടൻ കാർ കൊടുക്കാനുള്ള സാങ്കേതിക തടസങ്ങളും ശനിയും ഞായറും അവധി ദിവസങ്ങളായതിനാലുള്ള പ്രശ്നങ്ങളും കാരണം ഡീലർഷിപ്പുകാർ ഊരാക്കുടുക്കിലായി.  ഇപ്പോൾത്തന്നെ വാഹനം ഡെലിവറി ചെയ്യാൻ നിവർത്തയില്ലെന്നും നാല് ദിവസത്തിനകം ഡെലിവറി ചെയ്യാമെന്നും അവർ അറിയിച്ചു. ഇതോടെ വാഹനം കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ പ്രശ്‌നം സോഷ്യൽ മീഡിയയിൽ വൈറലായി. 

ഒടുവിൽ തിലക് പാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയാണ് സമരം അവസാനിപ്പിച്ചത്. മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസിന് പരാതി നൽകി. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാ മൂലം മാപ്പ് ചോദിക്കണമെന്നും യുവാവ് വ്യക്തമാക്കി. തുടർന്ന്  പിന്നീട് സെയിൽസ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണം എഴുതി നൽകുകയും ചെയ്തതോടെയാണ് പ്രശ്‌നം ഒത്തുതീർപ്പായതെന്നും ഇനി താൻ ഈ ഷോറൂമിൽ നിന്നും വാഹനം വാങ്ങില്ലെന്ന് വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയതെന്നുമാണ് റിപ്പോർട്ടുകൾ. 

എന്തായാലും സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കും പലരും വീഡിയോ ടാഗ് ചെയ്തിരുന്നു. വസ്ത്രം നോക്കി ആളുകളെ വിലയിരുത്തിയാൽ ഇങ്ങനിരിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ താക്കീത്. 

Related News