രാജ്യമിന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

  • 25/01/2022

രാജ്യമിന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാന്‍ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികള്‍ ഉണ്ടാകില്ല. ആഘോഷങ്ങള്‍ കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചതിന് ശേഷം രാജ്പതില്‍ നിന്നും രാവിലെ പത്തരക്കാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. കോവിഡ് ഭീഷണി കണക്കിലെടുത്ത് പരേഡില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ എണ്ണം 146ല്‍ നിന്നും 99 ആയി കുറച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച കാണികള്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി. 15 വയസിന് മുകളിലുള്ളവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മൈ ഗവണ്‍ മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി പരേഡ് കാണാനുള്ള അവസരമുണ്ട്.

പരേഡിന് പിന്നാലെ കര,വ്യോമ,നാവിക സേനകളുടെ ശക്തിപ്രകടനവും ഉണ്ടാകും. 12 സംസ്ഥാനങ്ങളുടെയും ഒമ്ബത് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്‌ക്വാഡും സി.ആര്‍.പി.എഫും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. നഗരത്തില്‍ എല്ലായിടത്തും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷപരിപാടികള്‍ നടക്കും.

Related News