ഗുലാം നബി ആസാദിന് പത്മഭൂഷൻ; അഭിനന്ദനവുമായി കപിൽ സിബലും തരൂരും

  • 26/01/2022

ദില്ലി: കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചതിൽ അഭിനന്ദനവുമായി കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശി തരൂരും. ഗുലാം നബി ആസാദിനെ  അഭിനന്ദിച്ചതോടൊപ്പം കോൺഗ്രസിനെ വിമർശിച്ചാണ് കപിൽ സിബൽ രംഗത്തെത്തിയത്. കോൺഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനം വേണ്ടെന്നും എന്നാൽ പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ സംഭാവന രാജ്യം തിരിച്ചറിഞ്ഞെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു. മറ്റൊരു നേതാവായ ശശി തരൂരും ഗുലാം നബി ആസാദിന് അഭിനന്ദനവുമായി രംഗത്തെത്തി.

രാഷ്ട്രീയമായി മറുവശത്തുള്ള സർക്കാർ നൽകിയ പുരസ്‌കാരമാണെങ്കിലും അദ്ദേഹത്തെ അഭിനന്ദക്കുന്നെന്ന് തരൂർ ട്വീറ്റ് ചെയ്തു. നേരത്തെ ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടി ജയറാം രമേശിന്റെ ട്വീറ്റ് കോൺഗ്രസിൽ ചർച്ചയായിരുന്നു. 

ബുദ്ധദേബ് ഗുലാം (അടിമ) ആകാനല്ല ആസാദ്(സ്വാതന്ത്ര്യം) ആകാനാണ് തീരുമാനിച്ചതെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. കോൺഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസമുള്ള ജി-23 നേതാക്കളിലുൾപ്പെട്ടവരാണ് ഗുലാം നബി ആസാദും കപിൽ സിബലും ശശി തരൂരും.

Related News