നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം; ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന് വിലക്കി ഭാര്യ ബന്ധുക്കൾ

  • 26/01/2022

ചിത്രദുര്‍ഗ: തന്നെ നിര്‍ബന്ധിച്ച്‌ മതം മാറാന്‍ ഭാര്യാബന്ധുക്കള്‍ പ്രേരിപ്പിച്ചു എന്ന ആരോപണവുമായി യുവാവ് പൊലീസില്‍ പരാതി നല്‍കി.


ഭാര്യാപിതാവിനും മറ്റ് ബന്ധുക്കള്‍ക്കും എതിരെയാണ് മാറപ്പ എന്ന യുവാവ് പരാതി നല്‍കിയത്. ഭാര്യ സരളയെയും കുഞ്ഞിനെയും കാണണമെങ്കില്‍ ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് മാറണമെന്നാണ് യുവാവിനോട് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. മതപരിവര്‍ത്തനം നടത്തുന്നതിനായി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ചെയ്തുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

2020 ജൂലായ് ആറിനാണ് ഇവരുടെ വിവാഹം നടക്കുന്നത്. അന്ന് വിശുദ്ധ വെള്ളത്തില്‍ മുങ്ങാന്‍ ഭാര്യയുടെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും അന്നു മുതല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അവര്‍ പ്രഖ്യാപിക്കുകയുമായിരുന്നു. ശേഷം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആരാധിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ചിത്രങ്ങള്‍ കീറി കത്തിക്കുകയും ചെയ്തിരുന്നതായും യുവാവ് പരാതിയില്‍ പറയുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്ന് അവര്‍ പറഞ്ഞതായും യുവാവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഗര്‍ഭാവസ്ഥയിലായിരുന്ന ഭാര്യയെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറപ്പ അയച്ചത്. പിന്നീട് കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ലെന്നും മറ്റുള്ളവരില്‍ നിന്നാണ് താന്‍ കുഞ്ഞിനെപ്പറ്റി അറിഞ്ഞതെന്നും യുവാവ് പരാതിയില്‍ പറയുന്നു. കുഞ്ഞിനെ കാണാന്‍ പോയ മാറപ്പയുടെ ബന്ധുക്കളെയും കാണാന്‍ അനുവദിച്ചിരുന്നില്ല.

സരളയുടെ പിതാവ് വസന്തകുമാര്‍, മുത്തച്ഛന്‍ രാമചന്ദ്രപ്പ, ബന്ധുക്കളായ സുധാകര്‍, മഞ്ജുനാഥ്, സങ്കപ്പ എന്നിവര്‍ക്കെതിരെയാണ് മാറപ്പ പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാര്യയെയും കുട്ടിയെയും തന്റെ കൂടെ അയക്കണമെന്നും മാറപ്പ പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related News