കാണാതായ യുവാവിനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യയ്ക്ക് കൈമാറും; വൈകാൻ കാരണം പ്രതികൂല കാലാവസ്ഥ

  • 26/01/2022

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇക്കാര്യത്തിൽ ഇന്ത്യൻ സേന ചൈനീസ് സേനയുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അതിർത്തിയിലെ ചൈനീസ് ഭാഗത്ത് കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

അരുണാചൽ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ കണ്ടെത്തിയ വിവരം ചൈന കഴിഞ്ഞ ദിവസം ഇന്ത്യൻ സേനയെ അറിയിച്ചിരുന്നു. മിറാമിന്റെ കൈമാറ്റത്തിനുള്ള സ്ഥലവും സമയവും വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. 

ജനുവരി 18 മുതലാണ് മിറാം തരോണിനെ കാണാതായത്. വനത്തിൽ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയർന്നത്. എന്നാൽ യുവാവിനെ വനത്തിനുള്ളിൽ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി. യുവാവിനെ കണ്ടെത്താൻ ഇന്ത്യൻ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് യുവാവിനെ കണ്ടെത്തിയതെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കാലാവസ്ഥ അനുകൂലമാകുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് മിറാമിനെ ചൈന ഇന്ത്യയ്ക്ക് കൈമാറും. 

Related News