ആക്രി കൊണ്ടുള്ള ഫുൾ കണ്ടീഷൻ വണ്ടിക്ക് പകരം പുതുപുത്തൻ ബൊലേറോ യുവാവിന് സമ്മാനിച്ച് മഹീന്ദ്ര

  • 26/01/2022

ആക്രി വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വാഹനത്തിന് പകരം യുവാവിന് ബൊലേറോ സമ്മാനിച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ആക്രി വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വാഹനം ഓടിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിൻറെ ദൃശ്യങ്ങൾ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിൻറെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ ചെറുവാഹന യാത്രയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്നതിനൊപ്പം ആ ചെറുവാഹനത്തിന് പകരമായി പുതിയ വാഹനം നൽകാനുള്ള സന്നദ്ധതയും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

ദത്താത്രേയ ലോഹർ  നിർമ്മിച്ച വാഹനം മഹീന്ദ്രയുടെ വാഹന ശേഖരത്തിൽ പ്രദർശിപ്പിക്കാമെന്നും യുവാവിൻറെ കഴിവിനെ അംഗീകരിച്ച് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.  ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്രയുമായി യുവാവ് ബന്ധപ്പെടുകയായിരുന്നു. ഇന്നലെയാണ് യുവാവിന് പുത്തൻ വാഹനം മഹീന്ദ്ര നൽകിയത്. ബൊലേറോ വാഹനം യുവാവ് കുടുംബ സമേതമെത്തി വാങ്ങുന്ന ദൃശ്യങ്ങളും ആനന്ദ് മഹീന്ദ്ര ട്വീറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ആക്രി വസ്തുക്കളിൽ നിന്ന് യുവാവ് നിർമ്മിച്ച വാഹനം ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വിശദമാക്കി.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റർ, 3 സിലിണ്ടർ, എംഹോക് 75 ഡീസൽ എൻജിനാണ് ബൊലേറോയ്ക്ക് കരുത്തേകുന്നത്. ഈ മോട്ടോർ 3,600 ആർപിഎമ്മിൽ 75 ബിഎച്ച്പി കരുത്തും 1,600- 2,200 ആർപിഎമ്മിൽ 210 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ചേർത്തുവെച്ചു. ഇന്ധന ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. ഇരട്ട എയർബാഗുകൾ, ഹൈ സ്പീഡ് അലർട്ട്, ഡ്രൈവർക്കും കോ- ഡ്രൈവർക്കും സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നീ സുരക്ഷാ ഫീച്ചറുകളും ബൊലേറോയിലുണ്ട്.  

സ്‌പോർടസ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യൻ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളിൽ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അർമ്മദ പരിഷ്‌കരിച്ചാണ് 2000ത്തിൻറെ ആദ്യത്തിൽ കമ്പനി ബൊലേറോ എസ്‌യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയിൽ അവതരിപ്പിച്ചകാലം മുതൽ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ആവശ്യക്കാർ ഏറെയുള്ളത്. 

Related News