മന്ത്രങ്ങൾ ജപിക്കുന്ന കൈകൾ, പല്ലുകളോ മുടിയോ കൊഴിഞ്ഞിട്ടില്ല, 500 വർഷം പഴക്കമുള്ള മമ്മി; ഇന്ത്യയിലെ അത്ഭുതങ്ങളിലൊന്നായി ഹിമാചൽ പ്രദേശിലെ സംഘ ടെൻസിൻ

  • 26/01/2022

ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ,സ്പിതി ജില്ലയിൽ അതിശയിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്. മമ്മിയെന്ന് കേൾക്കുമ്‌ബോൾ ഏവർക്കും ഓർമ്മവരുന്നത് ഈജിപ്തായിരിക്കും. എന്നാൽ 500 വർഷം പഴക്കമുള്ള മമ്മി ഇന്ത്യയിലും ഉണ്ട്. ലാഹൗൾ,സ്പിതി ജില്ലയിലെ ഗുവേ ഗ്രാമത്തിലാണ് മമ്മി സൂക്ഷിച്ചിരിക്കുന്നത്.

ഒരു മെലിഞ്ഞ മനുഷ്യനെപോലെ തോന്നിപ്പിക്കുന്ന പല്ലുകൾ പോലും കേടുകൂടാതിരിക്കുന്ന മമ്മി സംഘ ടെൻസിൻ എന്ന ബുദ്ധ സന്ന്യാസിയുടേതാണെന്നാണ് വിശ്വാസം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിസ്മയങ്ങളിൽ ഒന്നാണിത്. ഒരിക്കൽ വലിയ തേളുകളുടെ ആക്രമണത്താൽ ഗ്രാമവാസികൾ പ്രതിസന്ധിയിലായി. ആക്രമണത്തിൽെ നിന്ന് ഗ്രാണീണരെ രക്ഷിക്കാൻ സംഘ ടെൻസിൻ സ്വയം ജീവൻ ത്യജിക്കുകയായിരുന്നു എന്നാണ് വിശ്വാസം. 

നാടിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ ബലി നൽകിയ സംഘ ടെൻസിന്റെ ശരീരത്തെ ജീവിക്കുന്ന ബുദ്ധനായാണ് ഗ്രാമവാസികൾ കണക്കാക്കുന്നത്. 1975ലെ ഭൂകമ്ബത്തിനെത്തുടർന്ന് ഒരു പഴയ ശവകുടീരം തുറന്നപ്പോഴാണ് സംഘ ടെൻസിന്റെ മമ്മി ചെയ്ത ശവശരീരം കണ്ടെത്തുന്നത്. പിന്നീട് 2004ൽ ഇത് ഖനനം ചെയ്ത് പുറത്തെടുക്കുകയായിരുന്നു.

ഈജിപ്തിൽ മൃതദേഹത്തെ മമ്മി ചെയ്യുന്നത് പോലെ സംഘ ടെൻസിന്റെ മൃതദേഹത്തെ മമ്മിഫിക്കേഷൻ ചെയ്യുകയായിരുന്നില്ല. സൊകുഷിൻബുട്സു എന്ന പ്രകൃതിദത്തമായ പ്രക്രിയയിലൂടെ ബുദ്ധസന്ന്യാസിയുടെ ശരീരം മമ്മിയുടെ രൂപത്തിലേയ്ക്ക് മാറുകയായിരുന്നു. ശരീരത്തിൽ നിന്നും കൊഴുപ്പും ദ്രാവകങ്ങളും അകറ്റുന്ന രീതിയാണിത്. ജപ്പാനിലെ യമഗതയിലെ ബുദ്ധസന്ന്യാസിമാരാണ് ഈ പ്രക്രിയ കൂടുതലായും ചെയ്തുവരുന്നത്. ഈ പ്രക്രിയയ്ക്ക് പത്ത് വർഷം വരെയാണ് എടുക്കുന്നത്.

ഭക്ഷണം ക്രമീകരിച്ചും ക്രമേണ അളവ് കുറച്ചും തുടർന്ന് പൂർണമായി ഉപേക്ഷിച്ചും ദീർഘനാൾ ധ്യാനത്തിൽ ഇരിക്കുന്ന രീതിയാണിത്. കുറച്ചുനാളുകൾ കഴിയുമ്‌ബോൾ ജീവൻ വെടിയുന്നു. ഇതോടൊപ്പം ശരീരത്തിലെ കൊഴുപ്പും ദ്രാവകങ്ങളും ഇല്ലാതാകുന്നു. ചുറ്റിനും വിളക്കുകൾ കത്തിച്ചുവച്ച് ധ്യാനത്തിൽ ഏർപ്പെടുന്നതിനാൽ ചൂടുകൊണ്ട് തൊലി ഉണങ്ങുകയും ചെയ്യുന്നു. മരണാനന്തരം സമാധിയായ ശരീരം മറ്റ് ഭിക്ഷുക്കൾ മൂന്ന് വർഷക്കാലത്തേയ്ക്ക് വിളക്കുകൾ സദാകൊളുത്തി വച്ചിരിക്കുന്ന ഒരു ഭൗമാന്തർഗുഹയിൽ സൂക്ഷിക്കുന്നു. 

ഇതും ശരീരത്തെ ജീർണതകളിൽ നിന്ന് സംരക്ഷിക്കുന്നു. സംഘ ടെൻസിൻറെ മമ്മി വായ തുറന്ന്, പല്ലുകൾ കാണാവുന്ന, പൊള്ളയായ കണ്ണുകളോടെയാണ് കാണപ്പെടുന്നത്. ഇരിക്കുന്ന നിലയിലാണ് മമ്മി കാണപ്പെടുന്നത്. പല്ലുകൾക്കോ മുടിക്കോ ജീർണതകൾ സംഭവിച്ചിട്ടില്ല. ബുദ്ധസന്ന്യാസിയുടെ കൈയിൽ ഒരു വിശുദ്ധമാലയും കാണപ്പെടുന്നു. ഇത് ജപിക്കുന്ന നിലയിലാണ് വിരലുകൾ കാണപ്പെടുന്നത്.

Related News