പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാതെ കോൺഗ്രസ് എംപിമാർ, ക്ഷണിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • 27/01/2022

ദില്ലി: പഞ്ചാബിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ സംസ്ഥാനത്തെ അഞ്ച് എംപിമാർ പങ്കെടുത്തില്ല. മനീഷ് തിവാരി, രവ്നീത് സിങ് ബിട്ടു, ജസ്ബിർ സിങ് ഗിൽ, മുഹമ്മദ് സാദിഖ്, പ്രണീത് കൗർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിർ സിങ് ഗിൽ പറഞ്ഞു. സ്ഥാനാർത്ഥികൾക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിന് ഇന്നാണ് പഞ്ചാബിൽ എത്തിയത്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, നവ്ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുൽ അമൃത്സറിലെ സുവർണക്ഷേത്രം സന്ദർശിച്ചു. 

തുടർന്ന് ദുർഗ്യാന മന്ദിറിലും ഭഗവാൻ വാൽമീകി തീർഥ് സ്ഥലിലും 117 സ്ഥാനാർഥികളുമായി രാഹുൽ സന്ദർശനം നടത്തി. ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാർച്ച് 10ന് പുറത്തുവരും. നിലവിൽ അധികാരം കൈയാളുന്ന കോൺഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബിൽ നേരിടുന്നത്.

Related News