രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി, കൊവിഡ് വ്യാപനം രൂക്ഷം

  • 27/01/2022

ദില്ലി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ്  നിയന്ത്രണങ്ങൾ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ മുൻ നിർദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായാണ് ആഭ്യന്തര സെക്രട്ടറി അറിയിച്ചത്. പ്രാദേശികമായ നിയന്ത്രണം ഏർപ്പെടുത്തി രോഗ വ്യാപനം തടയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്‌സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതിനിടെ രാജ്യത്ത് കൊവിഡ് കണക്കിൽ നേരിയ വർധനവാണ് വ്യാഴായ്ച രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തി എൺപത്തിയറായിരത്തി മുന്നൂറ്റി എൺപത്തി നാല് പേർക്കാണ്. 

പോസിറ്റിവിറ്റി നിരക്ക് 19.59 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് 573 പേരാണ് 24 മണിക്കൂറിനിടെ  മരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഒമിക്രോണിന്റെ ബി.എ.റ്റു വകഭേദമാണ് എന്ന് എൻസിഡിസി വ്യക്തമാക്കി.

Related News