സകലരും ഇറങ്ങാൻ മടിച്ചു; മുപ്പതടി താഴ്ചയുള്ള കിണറ്റിലിറങ്ങി ആട്ടിൻകുട്ടി രക്ഷിച്ച് പതിമൂന്നുകാരി

  • 27/01/2022

കടുത്തുരുത്തി: പതിമൂന്നുകാരിയുടെ മനോധൈര്യം രണ്ടുമാസം പ്രായമുള്ള മണിക്കുട്ടി എന്ന ആട്ടിൻകുട്ടിയുടെ ജീവൻ രക്ഷിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽവീണ ആട്ടിൻകുട്ടിയെയാണ് പതിമൂന്നുകാരി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്. മാഞ്ഞൂരിലെ അഗതിമന്ദിരം മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ ഏഴാം ക്ലാസ് വിദ്യാർഥിനി അൽഫോൻസ ലിജുവാണ് കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. 

ചുറ്റുമതിലുളള വലയിട്ടിരുന്ന കിണറിന്റെ മതിലിലൂടെ ഓടിക്കളിക്കുന്നതിനിടയിലാണ് ആട്ടിൻകുട്ടി കിണറ്റിൽ വീഴുന്നത്. ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ മണിക്കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്.

ഉടൻതന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാകാതെ കയറിപ്പോന്നു. തുടർന്ന് അൽഫോൻസാ കയറിൽപ്പിടിച്ചു കിണറ്റിലിറങ്ങി കൊട്ടയ്ക്കകത്ത് ആടിനെയിരുത്തി കരക്കെത്തിക്കുകയായിരുന്നു. ഈ സമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസയ്ക്കു സഹായം നൽകി.

പത്തടിയോളം വെള്ളമുള്ള കിണറാണിത്. കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.ഇ. സ്‌കൂളിലെ വിദ്യാർഥിനിയാണ് അൽഫോൻസ. മണിക്കുട്ടി അൽഫോൻസയുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയാണ്. മണിക്കുട്ടിയെ കൂടാതെ അൽഫോൻസയുടെ സഹോദരങ്ങളായ ഗോഡ്വിൻ, ആഗ്നസ്, ഗോഡ്സൺ എന്നിവരുടേതായി മണിക്കുട്ടൻ, ചെമ്പൻ, കുട്ടിമാണി എന്നീ മൂന്ന് ആട്ടിൻകുട്ടികളും കൂടിയുണ്ട് ലിജുവിന്റ വീട്ടിൽ.

Related News