കെറെയിലില്‍ പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാവുമെന്ന കണക്ക് ശുഭാപ്തി വിശ്വാസം മാത്രം

  • 28/01/2022

ന്യൂഡല്‍ഹി; കെ റെയില്‍ പദ്ധതിയില്‍ കേന്ദ്രത്തിന് കേരളം നല്കിയ വിശദീകരണത്തില്‍ പറയുന്നത് കെറെയിലില്‍ പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാവുമെന്ന കണക്ക് ശുഭാപ്തി വിശ്വാസം മാത്രമാണെന്നാണ്.

ഡിഎംആര്‍സി നേരത്തെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്. ഹ്രസ്വദൂര ട്രെയിന്‍ യാത്രക്കാരെ കൂട്ടാതെയുള്ള കണക്കാണിതെന്നും കേരളം വ്യക്തമാക്കുന്നു.

ഒരു ലക്ഷം യാത്രക്കാര്‍ കേരളത്തില്‍ പ്രതിദിനം അതിവേഗ തീവണ്ടിയില്‍ യാത്ര ചെയ്യാനുണ്ടാവും എന്നത് ഡിഎംആര്‍സിയുടെ പഠനത്തില്‍ ഉണ്ടെന്നും എന്നാല്‍ 79,000 പേരെ മാത്രമേ പ്രൊജ്ക്‌ട് റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നൂള്ളൂവെന്നും കേരളം വിശദീകരിക്കുന്നു. കെ റെയില്‍ പദ്ധതിക്കായി കേരളം ആദ്യം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ 79000 യാത്രക്കാര്‍ എന്നത് ഒരു ശുഭാപ്തി വിശ്വാസം മാത്രമല്ലേയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തന്നെ ചോദിച്ചിരുന്നു. ഇതിനാണ് ഡിഎംആര്‍സി യുടെ പഠനറിപ്പോര്‍ട്ട് ഉപയോഗിച്ച്‌ കേരളം ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്.

സില്‍വര്‍ ലൈനിന് പകരം ഒരു അതിവേഗ തീവണ്ടിപാത എന്തു കൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദ്യത്തിന് ഭാരിച്ച ചിലവ് കാരണമാണ് അര്‍ധ അതിവേഗ തീവണ്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് സംസ്ഥാനം വ്യക്തമാക്കുന്നു. അതിവേഗ തീവണ്ടി പാതയുടെ നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് 210 കോടി വേണ്ടി വരുമ്ബോള്‍ സെമി ഹൈ സ്പീഡില്‍ കിലോമീറ്ററിന് 120 കോടി മതിയാവും എന്നാണ് കേരളം പറയുന്നത്. പദ്ദതി വൈകുന്നതിനാല്‍ ചിലവ് കൂടിയേക്കാം എന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുന്നു. 69000 കോടി രൂപയ്ക്ക് പദ്ധതി തീര്‍ക്കാനാവുമോ എന്ന കേന്ദ്രത്തിന്‍്റെ സംശയത്തിന് ഒരോ വര്‍ഷം വൈകും തോറും അഞ്ച് ശതമാനം നിര്‍മ്മാണ ചിലവ് കൂടും എന്നാണ് സംസ്ഥാനം നല്‍കുന്ന മറുപടി. നിലവിലെ അവസ്ഥയില്‍ 2026-ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്നും കേരളം പറയുന്നു. അധികചിലവുണ്ടായാല്‍ അത് സംസ്ഥാനം വഹിക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ മന്ത്രാലയം പണം മുടക്കണം എന്ന നിലപാടില്‍ സംസ്ഥാനം ഉറച്ചു നില്‍ക്കുകയാണ്. റെയില്‍വേ 2150 കോടി രൂപ പദ്ധതിയില്‍ നിക്ഷേപിക്കണമെന്നും റെയില്‍വേയുടെ അംഗീകാരവും പിന്തുണയും ലഭിച്ചാല്‍ വായ്പ നല്‍കുന്ന ഏജന്‍സികള്‍ക്ക് അതു കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും കേരളം വ്യക്തമാക്കുന്നു. പദ്ധതിക്കായി ആകെ 33,700 കോടി രൂപ വായ്പയെടുക്കും. ജപ്പാന്‍ ഇന്‍്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി 18,992 കോടി വായ്പ നല്കും. എഡിബിയില്‍ നിന്നും 7533 കോടി രൂപ വായ്പയായി എടുക്കും. ഇതിന് കേന്ദ്രസര്‍ക്കാര്‍ സമിതി ഏതാണ്ട് അംഗീകാരം നല്‍കിയെന്നും എന്നാല്‍ റെയില്‍വേ പദ്ധതി അംഗീകരിച്ചാല്‍ മാത്രമേ അന്തിമാനുമതി ലഭിക്കൂവെന്നും കേരളം പറയുന്നു.

കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ കെ റെയിലിലേക്ക് പോയാല്‍ റെയില്‍വേ നഷ്ടത്തിലാക്കുമോ എന്ന സംശയം റെയില്‍വേ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം സംശയം അസ്ഥാനത്ത് ആണെന്നും നിലവില്‍ തന്നെ സംസ്ഥാനത്ത് ഓടുന്ന തീവണ്ടികള്‍ക്കെല്ലാം നീണ്ട വെയിറ്റിംഗ് ലിസ്റ്റുണ്ടെന്നും കേരളം മറുപടി നല്‍കുന്നു. യാത്രക്കാര്‍ കുറയുന്ന പക്ഷം ചരക്കു തീവണ്ടികള്‍ ഓടിച്ച്‌ റെയില്‍വേയ്ക്ക് അധിക വരുമാനം നേടാമെന്നാണ് കേരളത്തിന്‍്റെ നിര്‍ദേശം.

Related News