കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ പരസ്യമായി ആക്രമിച്ചു; മുടിമുറിച്ച് കരിഓയിൽ ഒഴിച്ചത് സ്ത്രീകൾ

  • 28/01/2022

ന്യൂഡൽഹി: കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് പരസ്യമായി ആക്രമിച്ചു. കിഴക്കൻ ഡൽഹിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടിൽനിന്ന് കൊണ്ടുപോയ സ്ത്രീകൾ മുടി മുറിക്കുകയും മുഖത്ത് കരിഓയിൽ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. 

കൂട്ടത്തോടെയെത്തിയ സ്ത്രീകൾ യുവതിയെ മർദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ ട്വീറ്റ് ചെയ്തത്. സംഭവത്തിൽ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. 

യുവതിയെ മർദിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണർ ആർ. സത്യസുന്ദരം പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് ദൗർഭാഗ്യകരമായ ലൈംഗികാതിക്രമത്തിന് കാരണമായതെന്നും യുവതിക്ക് കൗൺസിലിങ് അടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ഒരു ആൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മർദിച്ചതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ ബന്ധുക്കൾ യുവതിയെ ആക്രമിച്ചത്. 

ആൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ മർദനത്തിനിരയായ യുവതി കഴിഞ്ഞ നവംബറിൽ പ്രദേശത്തുനിന്ന് താമസം മാറിയിരുന്നതായി ഇവരുടെ സഹോദരി പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് ജീവനൊടുക്കിയ കുട്ടിയുടെ ബന്ധു ഇവരെ കണ്ടെത്തിയതെന്നും സഹോദരി പ്രതികരിച്ചു. 

Related News