ഇന്ത്യ പെഗാസസ് വാങ്ങിയെന്ന ആരോപണവുമായി ന്യൂയോർക്ക് ടൈംസ്, ഒഴിഞ്ഞു മാറി കേന്ദ്ര സർക്കാർ

  • 28/01/2022

ന്യൂഡൽഹി: ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർത്ത് ടൈംസ്. 2017ലെ പ്രതിരോധ കരാർ പ്രകാരമാണ് പെഗാസസ് വാങ്ങിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസ് പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച് രണ്ട് ബില്ല്യൺ ഡോളറിനാണ് പെഗാസസും മിസൈൽ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017ൽ നരേന്ദ്രമോദി സന്ദർശിച്ചപ്പോഴാണ് ഇതിൽ തീരുമാനമായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ പല സർക്കാരുകൾക്കും ഇസ്രായേൽ പെഗസസ് വിറ്റതായാണ് വിവരം.

2019-ൽ സോഫ്റ്റ്‌വെയറിനുള്ളിൽ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എൻഎസ്ഓ ഗ്രൂപ്പിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു. നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിച്ചിരുന്നു.

പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട മറുപടികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റിൽ, എൻഎസ്ഒ ഗ്രൂപ്പുമായി തങ്ങൾക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ടിൽ തള്ളിയത്. വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് തിരികൊളുത്തുമെന്നുറപ്പാണ്. 

Related News