പശ്ചിമ യുപിയിൽ ബി.ജെ.പി.യുടെ സൂര്യൻ അസ്തമിക്കും; പൂർണ്ണ ആത്മവിശ്വാസത്തിൽ മഹാസഖ്യം

  • 28/01/2022

മീററ്റ്: പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം നേതാക്കളായ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും. മീററ്റിൽ വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മഹാസഖ്യം നേതാക്കളുടെ പ്രഖ്യാപനം.

പശ്ചിമ യു.പി.യിൽ ബി.ജെ.പി.യുടെ സൂര്യൻ അസ്തമിക്കുമെന്നും ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ ബി.ജെ.പി. തൂത്തെറിയപ്പെടുമെന്നുറപ്പായെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ മാറ്റം വരുമെന്നുറപ്പായെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആദ്യത്തെ ജ്വാല മീററ്റിൽ നിന്നാണ് ഉയർന്നതെന്നും ശിപ്പായി ലഹളയെ ഓർമിപ്പിച്ച് അഖിലേഷ് പറഞ്ഞു.

മഹാന്മാരായ ജനങ്ങൾക്ക് ജന്മം നൽകിയ നാടാണിത്. രാജ്യത്തിന് ദിശാബോധം നൽകിയവർ. കർഷകരുടെ ഉന്നമനത്തിന് പ്രവർത്തിച്ചവർ. മുൻ പ്രധാനമന്ത്രി ചരൺസിങ് (ജയന്ത് ചൗധരിയുടെ മുത്തശ്ശൻ) കർഷകർക്കായി പ്രവർത്തിച്ചയാളാണ്. കർഷകൻ ഏതു ജാതിയായാലും അവർക്കായി പ്രയത്‌നിച്ച വ്യക്തി. അദ്ദേഹത്തിന് ഭാരത രത്‌നം കൊടുക്കണമെന്ന് ഞാൻ അന്നും പറയുന്നു, ഇന്നും പറയുന്നു. ഗംഗാജലം പോലെ പവിത്രമായി മുൻ കാലങ്ങളിൽ ജീവിച്ച പോലെ, ഞാനും ജയന്ത് ചൗധരിയും ഒരുമിച്ച് രാഷ്ട്രീയമായാലും മറ്റെന്തായാലും നീങ്ങുമെന്നും അഖിലേഷ് പറഞ്ഞു.

Related News