നിയമനങ്ങളിൽ ഗർഭിണികൾക്ക് വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി എസ്ബിഐ

  • 29/01/2022

ന്യൂഡൽഹി: മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളായ ഉദ്യോഗാർഥികളെ നിയമിക്കുന്നതിൽ താത്കാലിക വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചു. പൊതുവികാരം പരിഗണിച്ച് ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പിൻവലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ വ്യക്തമാക്കി.

ഗർഭിണികളെ ജോലിക്കെടുക്കേണ്ടതില്ലെന്ന് തീരുമാനം വിവാദമാവുകയും ഡൽഹി വനിത കമ്മീഷൻ വിഷയത്തിലിടപെടുകയും ചെയ്ത സാഹചര്യത്തിലാണ് എസ്.ബി.ഐ സർക്കുലർ പിൻവലിക്കാൻ തയ്യാറായത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂവെന്ന് നിർദേശിക്കുന്നതായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറഞ്ഞിരുന്നത്. 

വിഷയത്തിൽ ഇടപെട്ട ഡൽഹി വനിത കമ്മീഷൻ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എസ്.ബി.ഐ. തീരുമാനം തുല്യാവകാശത്തിന്റെ നിഷേധമാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Related News