കുവൈത്തിലെ ലിബറേഷൻ ടവർ സന്ദർശകര്‍ക്കായി സൗജന്യമായി തുറക്കുന്നു

  • 30/01/2022

കുവൈത്ത് സിറ്റി : പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങി കുവൈത്തിലെ ലിബറേഷൻ ടവർ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലിബറേഷൻ ടവർ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാവാനാണ് തീരുമാനമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിംഗ് നടത്തിയവര്‍ക്കാണ് സന്ദര്‍ശനം അനുവദിക്കുക. ലിബറേഷൻ ടവറിലെ 150-ാം നിലയിലെക്കാണ്  പൊതുജനങ്ങൾക്ക് വൈകുന്നേരം 3 മുതൽ 8 വരെ സന്ദർശിക്കാൻ അവസരം ഒരുങ്ങുക. പ്രവേശനം സൗജന്യമായിരിക്കും. 

ടവറിലെ  താഴത്തെ നില മ്യൂസിയമാക്കി മാറ്റുമെന്നും രാജ്യത്തെ  ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് അവരുടെ സൃഷ്ടികളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിന്  ഏരിയ നൽകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിന്‍റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ. ടെലിക്കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലാണ് 372 മീറ്റർ ഉയരമുള്ള ഈ ടവര്‍.ടെലിക്കമ്മ്യൂണിക്കേഷൻടവർ എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ സമയത്ത് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1993 ൽ നിർമാണം പൂർത്തയായപ്പോൾ വിമോചനത്തിന്റെ ഓർമ്മക്കായാണ് ലിബറേഷൻ ടവർ എന്ന പേര് നൽകിയത്.

Related News