വാക്‌സിനേഷൻ അതിവേഗം; 164 കോടിയിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയെന്ന് കേന്ദ്രം

  • 31/01/2022

ദില്ലി: കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് വാക്‌സിനേഷൻ ഊർജിതമാക്കി. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്നതിനുള്ള ഊർജിതമായ ശ്രമത്തിലാണ് സർക്കാരെന്ന് കേന്ദ്രം വ്യക്തമാക്കി. കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന്റെ ഭാഗമായി രാജ്യത്താകെ ഇതുവരെ 164.59 കോടിയിലധികം വാക്‌സീൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തൊട്ടാകെ കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 164.59 കോടിയിലധികം (1,64,59,69,525) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 12.38 കോടിയിൽ അധികം (12,38,35,511) കൊവിഡ് വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Related News