ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം, ലോകായുക്തയിൽ ഹർജി

  • 31/01/2022

കൊച്ചി: ലോകായുക്തക്കെതിരായ ആക്ഷേപത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാൻ ലോകായുക്തയിൽ ഹർജി. ലോയോഴ്‌സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ലോകായുക്തയെന്ന ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹർജി. അതിനാൽ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളാണെന്നാണ് ജലീലിന്റെ ആരോപണം. ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദര ഭാര്യ ജാൻസി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു.

ആരോപണങ്ങളിൽ സിപിഎം നേതൃത്വം കൈയ്യൊഴിയുമ്പോഴും ലോകായുക്തക്കെതിരെ ജലീൽ ഉയർത്തുന്നത് കടുത്ത ആക്ഷേപങ്ങളാണ്. മൂന്നരവർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധിപുറപ്പെടുവിച്ചെന്നാണ് പുതിയ ഫേസ് ബുക്ക് പോസ്റ്റ്. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാൻ ഇദ്ദേഹമാണെന്നാണ് ഇന്നത്തെ പുതിയ ആക്ഷേപം. വിമർശനങ്ങൾ വസ്തുതാപരമാണെന്നും മരണം വരെ സിപിഎം എന്ന പാർട്ടിക്കൊപ്പമാണെന്നും ജലീൽ തുടർ പോസ്റ്റിൽ കുറിക്കുന്നു. 

Related News