പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം, ആക്രമിച്ചത് ഇണയ്ക്കൊപ്പം ഇരിക്കുമ്പോൾ

  • 31/01/2022

ടെഹ്‌റാൻ: ഭക്ഷണം നൽകാനെത്തിയ മൃഗശാല ജീവനക്കാരനെ ആക്രമിച്ച പെൺസിംഹം തന്റെ ഇണയോടൊപ്പം രക്ഷപ്പെട്ടു. പ്രദേശത്ത് ഏറെനേരം ഭീതി പരത്തിയ ഇരു സിംഹങ്ങളെയും ഏറെനേരത്തെ പരിശ്രമത്തിന് ശേഷം പിടികൂടിയതായി മൃഗശാല അധികൃതർ അറിയിച്ചു. പെൺസിംഹം തന്റെ ഇണയോടൊപ്പം ഇരുന്ന സമയത്താണ് ജീവനക്കാരൻ ഭക്ഷണം നൽകുന്നതിന് എത്തിയത്. ഇറാനിലെ ടെഹ്‌റാനിലുള്ള മൃഗശാലയിലാണ് സംഭവം.

പതിവ് പോലെ സിംഹങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയതായിരുന്നു ജീവനക്കാരൻ. എന്നാൽ ജീവനക്കാരൻ എത്തുന്നതിന് മുമ്ബ് തന്നെ പെൺസിംഹം കൂടിന് അകത്ത് നിന്ന് വാതിൽ തുറന്നിരുന്നു. ഇത് ശ്രദ്ധിക്കാതെ കൂടിന് അടുത്ത് നിന്ന് അകത്തേക്ക് ഭക്ഷണം എറിഞ്ഞുകൊടുത്ത ജീവനക്കാരനെ സിംഹം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജീവനക്കാരൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി അധികൃതർ പറഞ്ഞു.

ആക്രമണത്തിന് ശേഷം തന്റെ ഇണയായ ആൺസിംഹത്തോടൊപ്പം കൂടിന് പുറത്തിറങ്ങിയ പെൺസിംഹം ഏറെനേരം പരിസരത്ത് ഭീതി പടർത്തി. കൊവിഡ് സമയമായതിനാൽ മൃഗശാലയിൽ ആളുകൾ കുറവായിരുന്നത് കൂടുതൽ അത്യാഹിതം ഒഴിവാക്കി. സിംഹങ്ങളെ പിടികൂടുന്നതിന് വേണ്ടി സൈന്യം വരെ രംഗത്തിറങ്ങി. 

ഏറെനേരത്തെ പരിശ്രമത്തിന് ശേഷം ഇരു സിംഹങ്ങളെയും ജീവനോടുകൂടി പിടികൂടി തിരിച്ച് കൂട്ടിലടച്ചതായി മൃഗശാല അധികാരികൾ മാദ്ധ്യമങ്ങളെ അറിയിച്ചു.

Related News