രാജ്യത്തിന് ഊര്‍ജം പകരുന്ന ബജറ്റെന്ന് ഭരണപക്ഷം; ആര്‍ക്കുവേണ്ടിയുള്ള ബജറ്റെന്ന് പ്രതിപക്ഷം

  • 01/02/2022

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതീരാമന്‍ അവതരിപ്പിച്ച ബജറ്റിനെ സ്വാഗതം ചെയ്ത് മറ്റ് മന്ത്രിമാര്‍. മെയ്ക്ക് ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകരുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ശക്തവും സമൃദ്ധവും ആത്മവിശ്വാസവുമുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണ മേഖലയിലെ എ.എം.ടി നിരക്ക് കുറച്ചത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബജറ്റിനെ അഭിനന്ദിച്ചത്. പതിറ്റാണ്ടുകളായി സഹകരണ മേഖലയോട് കാണിക്കുന്ന അനീതി ഇതിലൂടെ അവസാനിപ്പിക്കാനായെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

അതേസമയം ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. M0di G0vernment’s Zer0 Sum Budget എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സാധാരണ ശമ്പളക്കാര്‍ക്കും മധ്യവര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമൊന്നും ബജറ്റില്‍ ഒന്നുമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ബജറ്റിനെ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'രാജ്യത്തിന്റെ 75 ശതമാനം വരുന്ന സമ്പത്ത് കൈകാര്യം ചെയ്യുന്നത് 10 ശതമാനം വരുന്ന ധനികരാണ്. 60 ശതമാനം വരുന്ന ഇന്ത്യന്‍ ജനതയുടെ കയ്യിലുള്ളത് 5 ശതമാനത്തില്‍ താഴെ സ്വത്താണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വര്‍ധിച്ചിരിക്കെ, മഹാമാരിയുടെ കാലത്തും വന്‍ ലാഭം കൊയ്തവര്‍ക്ക് എന്തുകൊണ്ട് കൂടുതല്‍ നികുതി ചുമത്തുന്നില്ല?' - യെച്ചൂരി ചോദിച്ചു.

Related News