തമിഴ്നാടിനെ പരാമർശിച്ച് കേന്ദ്രത്തിന് വിമർശനം; രാഹുലിന് നന്ദി അറിയിച്ച് സ്റ്റാലിൻ

  • 03/02/2022

ന്യൂഡൽഹി: പാർലമെന്റിൽ തമിഴ്നാടിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ തമിഴർക്കും വേണ്ടി രാഹുലിനോട് താൻ നന്ദി പറയുന്നുവെന്ന് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാർലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരിൽ ഞാൻ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളിൽ അധിഷ്ഠിതമായ തമിഴരുടെ ദീർഘകാല വാദങ്ങൾ നിങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു' സ്റ്റാലിൻ ട്വീറ്റുകളിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ 45 മിനിറ്റ് പ്രസംഗത്തിൽ രാഹുൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു. സർക്കാർ ഫെഡറിലസത്തെ തകർക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുൽ ആരോപിക്കുകയുണ്ടായി.

'നിങ്ങൾ ഭരണഘടന വായിച്ചാൽ, ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത് എന്ന് അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.. ഇന്ത്യ ഒരു സങ്കൽപ്പമല്ല മറിച്ച് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിന്റെ അർത്ഥം ഉത്തർപ്രദേശിൽ നിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്നാട്ടിൽ നിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണം' രാഹുൽ പാർലമെന്റിൽ പറയുകയുണ്ടായി.

Related News