ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി; പ്രതികൾക്കെതിരെ കടുത്തവകുപ്പ് ചുമത്തണമെന്നും ആവശ്യം

  • 04/02/2022

ദില്ലി: എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീൻ ഒവൈസിക്ക് കേന്ദ്രസർക്കാർ ഏർപ്പാടാക്കിയ ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹം നിരസിച്ചതായി റിപ്പോർട്ട്. തനിക്കെതിരെ വെടിയുതിർത്തവർക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ വെച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികൾക്ക് സുരക്ഷ ഏർപ്പൊടുക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയിൽ വ്യക്തികൾക്ക് സുരക്ഷ ഏർപ്പാടാക്കാറുള്ളത്.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെ ഹാപ്പൂരിലെ ടോൾ പ്ലാസിക്ക് സമീപമാണ് ആക്രമണം നടന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ടു ബുള്ളറ്റുകൾ കാറിൽ തറച്ചുവെന്നും ടയറുകൾ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ ദില്ലിക്ക് തിരിച്ചതായും ഒവൈസി വ്യക്തമാക്കി. 

മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നിതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയെന്നും കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും യുപി പൊലീസ് വ്യക്തമാക്കി. അതേസമയം ആക്രമണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഒവൈസി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരു എംപിക്ക് സുരക്ഷ ഉറപ്പാക്കാൻ പോലും യുപി പൊലീസിന് ആകുന്നില്ല പ്രതിപക്ഷം വിമർശിച്ചു.

Related News