ഭാര്യയുടെ ആധാർകാർഡ് വെച്ച് കാമുകിക്കൊപ്പം ഹോട്ടലിൽ; ജി.പി.എസ്. ട്രാക്കർവെച്ച് പിടികൂടി ഭാര്യ

  • 04/02/2022

മുംബൈ:  കാമുകിക്കൊപ്പം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ ഭാര്യയുടെ ആധാർ കാർഡ് ഉപയോഗിച്ച് 41-കാരൻ. ഭാര്യയുടെ പരാതിയിൽ ഇയാൾക്കും കാമുകിക്കും എതിരെ പോലീസ് കേസ് എടുത്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഹിഞ്ചേവാദി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ഗുജറാത്തിൽനിന്നുള്ള ബിസിനസുകാരനാണ് പ്രതി. ഇദ്ദേഹത്തിന്റെ കമ്പനിയിൽ ഡയറക്ടറാണ് ഭാര്യ. ഇയാളുടെ വാഹനത്തിൽ ഭാര്യ ജി.പി.എസ്. ട്രാക്കർ സ്ഥാപിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഭർത്താവ് കാമുകിക്കൊപ്പം പോയ വിവരം ഭാര്യ മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നുവെന്ന് ഭർത്താവ്, ഭാര്യയോടു പറഞ്ഞിരുന്നു. എന്നാൽ ഭാര്യ, ജി.പി.എസ്. ട്രാക്കർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാർ പുണെയിലാണെന്ന് മനസ്സിലാക്കി. തുടർന്ന് ഇവർ ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടു. 'ഭാര്യ'യ്ക്കൊപ്പമാണ് ബിസിനസുകാരൻ എത്തിയതെന്ന് ഹോട്ടൽ ജീവനക്കാർ ഇവരോടു പറഞ്ഞു. 

തുടർന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചു. ഭാര്യയുടെ ആധാർ കാർഡ് കാമുകിയുടേതെന്ന് കാണിച്ചായിരുന്നു ബിസിനസുകാരൻ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവിൽ ഒളിവിലാണ്.

Related News