പോലീസ് ജീപ്പ് ഓടിക്കാൻ മോഹം; സ്റ്റേഷനിൽ നിന്ന് ജീപ്പെടുത്ത് 45കാരൻ കറങ്ങിയത് 112 കിലോമീറ്റർ

  • 04/02/2022

ബെംഗളൂരു: 45-കാരനായ നാഗപ്പയുടെ മനസ്സിൽ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായിട്ട് നാളുകളേറെയായി. എന്നാൽ കഴിഞ്ഞദിവസമാണ് ഇതിന് അവസരമൊത്തുവന്നത്. ഇതോടെ സ്റ്റേഷനിൽനിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. ചില്ലറ ദൂരമല്ല- 112 കിലോമീറ്റർ. കർണാടകത്തിലെ ധാർവാഡ് ജില്ലയിലെ അന്നിഗേരി സ്വദേശി നാഗപ്പ ഹദപാദ് ആണ് പോലീസ് ജീപ്പുമായി സ്ഥലംവിട്ടത്. പോലീസിനെ ഏറെനേരം വട്ടം ചുറ്റിച്ച ഇയാൾ 112 കിലോമീറ്റർ പിന്നിട്ട് തൊട്ടടുത്ത ജില്ലയായ ഹവേരിയിലാണ് ഓട്ടം അവസാനിപ്പിച്ചത്. പോലീസെത്തി ഇയാളെ പിടികൂടിയെങ്കിലും തികച്ചും ശാന്തനായി വാഹനം വിട്ടുകൊടുത്ത് പോലീസിനൊപ്പം സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അന്നിഗേരി പോലീസ് സ്റ്റേഷനിൽനിന്ന് നാഗപ്പ ജീപ്പുമായി കടന്നത്. സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിൽ ട്രക്ക് ഡ്രൈവറായ ഇയാൾ പോലീസ് ജീപ്പ് ഓടിക്കണമെന്ന മോഹവുമായി പലപ്പോഴും സ്റ്റേഷന് സമീപത്ത് ചുറ്റിക്കറങ്ങിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

ബുധനാഴ്ച പുലർച്ചെ സ്റ്റേഷന് സമീപത്തെത്തിയ ഇയാൾ മുറ്റത്ത് നിർത്തിയിരുന്ന ജീപ്പുമായി കടന്നുകളയുകയായിരുന്നു. താക്കോൽ ജീപ്പിൽതന്നെ ഉണ്ടായിരുന്നതും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഉറക്കത്തിലായിരുന്നതും ജോലി എളുപ്പമാക്കി.

രാവിലെ ആറുമണിയോടെ ഹവേരി ജില്ലയിലെ മൊട്ടേബെന്നൂരിലെത്തിയ നാഗപ്പ ജീപ്പ് റോഡരികിൽ നിർത്തി വണ്ടിക്കുള്ളിലിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുകയോ നാട്ടുകാരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുകയോ ചെയ്യാതായതോടെ സംശയം തോന്നിയ പ്രദേശവാസികൾ മൊട്ടേബെന്നൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചതോടെ വാഹനം അന്നിഗേരി സ്റ്റേഷനിലേതാണെന്ന് കണ്ടെത്തി. ജീപ്പ് മോഷ്ടിച്ചതാണെന്ന് നാഗപ്പ സമ്മതിക്കുകയുംചെയ്തു. പിന്നീട് അന്നിഗേരി പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ധാർവാഡ് എസ്.പി. കൃഷ്ണകാന്ത് പറഞ്ഞു.

Related News