കോവിഡ് മരണം: സഹായം പത്തുനാൾക്കകം നൽകണം: സുപ്രീംകോടതി

  • 04/02/2022

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ സഹായധനത്തിന് അപേക്ഷ ലഭിച്ചാൽ പത്തുദിവസത്തിനകം നൽകാൻ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ ലീഗൽ സർവീസസ് അതോറിറ്റിയിലെ മെമ്പർ സെക്രട്ടറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് നോഡൽ ഓഫീസറായി നിയമിക്കേണ്ടത്. അർഹരായവരിൽനിന്നാണ് അപേക്ഷയെത്തിയതെന്ന് നോഡൽ ഓഫീസർ ഉറപ്പുവരുത്തണം. അതേസമയം, സഹായധനത്തിനുള്ള അപേക്ഷകൾ സാങ്കേതികത്വം പറഞ്ഞ് തള്ളരുതെന്നും കോടതി ആവർത്തിച്ചു. മരിച്ചയാളുടെ പേര്, വിലാസം, മരണസർട്ടിഫിക്കറ്റ് തുടങ്ങിയവ ഒരാഴ്ചയ്ക്കകം ലീഗൽ സർവീസസ് അതോറിറ്റിക്ക് സംസ്ഥാനങ്ങൾ നൽകണം.

കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ വിവരങ്ങളും നൽകണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വ. ഗൗരവ് ബൻസൽ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചുവരുന്നത്. നേരത്തേ ഇതുസംബന്ധിച്ച് ഒട്ടേറെ നിർദേശങ്ങൾ സുപ്രീംകോടതി ഇറക്കിയിരുന്നു.

Related News